
ഇയ്യാളൊരു കേമന്‍ തന്നെ ആണ് ടാ രാമാ
സെക്രടറി യുടെ പ്രസംഗം കേട്ട് പീടിക വരാന്തയില്‍ നിന്നിരുന്ന സെയതലവി പറഞ്ഞു
എന്താ പ്രസംഗം ..
ഈ കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ തുടങ്ങിയാ പാവപ്പെട്ട ഇമ്പള് എന്തുട്ട് ചെയ്യാനാ .?
കൂട്ടാന്‍ കഷണതിനും .കായക്കും ഒക്കെ ഇങ്ങനെ പൈസ കേറാന്നു വച്ചാ ..!
ഇമ്പടെ കാര്യം പറാനും ആളുണ്ട് .. സദാനന്ദന്‍ സെക്രടറി ഒരു പടച്ചോന്‍ തന്നെ ...!!!
സെയതലവി തോളിലെ തോര്തുമുണ്ടെടുത്തു ഉമ്മറത്തെ പൊടി തട്ടി തറയിലിരുന്നു
ഇയ്യൊരു ബീഡി കാട്യെ സെയ്തോ ..? ബീടിക്കുള്ള വക്പോലും എന്റെലില്ല !
സെയതലവിയുടെ തെരവ് ബീഡി ഊതിവിട്ടു രാമന്‍ ചോദിച്ചു ഇയ്യരിഞ്ഞാ സെയ്തോ .?
ഇമ്പടെ വിലാസിനി ടീചെര്ടെ ചെക്കന്‍ ജയിലിലാരുന്നു ത്രെ .. സമരത്തിനു പോയിട്ട് പോലിസേരു അടിച്ചു കയ്യൊടിച്ചെന്നാ പറേനെ..!
ആര് ഇമ്പടെ അനിലാ ...ആ ബൈക്ക്മ്മേല് പോകാറുള്ള ചെക്കനാ
അതെന്നു ..
ഇന്നാള് ത്രിശൂരുക്ക് ജാഥക്ക് പോയപ്പളല്ലേ ഞാന്‍ കണ്ടത് ... ഓന് നേതാക്കന്മാരെ ഒക്കെ നല്ല നിശ്ചയോം പരിചയോം ഒക്കെ ആണ് സെയ്തോ .
ഓനും ദിവാകരന്റെ പോലെ രക്തസാക്ഷി ആകാനാണോ പടച്ചോനെ ..ആ ടീചെര്‍ക്കിനി ഓനെ ഉള്ളൂ ..!!
അച്ഛന്റെ അല്ലെ മോന്‍ .. അതങ്ങനെയേ വരോന്നാകും.
അല്ല രാമാ പരാഗണത്തിന്റെ സമയായില്ലേ.?
അപ്പൊ ഇനി അനക്ക് പണീണ്ടാകും ലെ ..!!!
നിക്ക് ഇത് വരെ കത്ത് വന്നിട്ടില്ലാന്നു ..ശങ്കരനും ,കോരനും , സുരേന്ദ്രനും വന്നെട് ക്കണ്...!!
പത്തീസായീ അവര്‍ക്കൊക്കെ കത്ത് വന്നിട്ട് ..!!
കൃഷിഭവന്‍ കാര് അന്നെ മറന്നോ രാമാ ...?
ഇയ്ക്ക് തെങ്ങേല്‍ കേറാന്‍ ത്രാനീല്ലാണ്ടായി ന്നു ഓരുക്ക് തോന്നീണ്ടാകും ..!!
കഴിഞ്ഞാ പ്രാശ്യം കൃഷിഭവന്‍ കാര് തന്ന പണി ബാബു വല്ലേ ചെയ്തു തീര്‍ത്തത്
ഓര് കാണിച്ച ക്രിപോണ്ട് കയിഞ്ഞ കൊല്ലം കഞ്ഞി കുടിച്ചേക്കണ്..!!!
കൊണ്ഗ്രെസ്സിന്റെ പ്രേസിടണ്ടാനേലും ഇമ്പടെ ഒരു കാര്യമായി ചെന്നപ്പോ 500 ഉറുപ്പ്യേ വാങ്ങിചൊള്ളോ..പിന്നെ ഒരു കൊല പഴവും ..!!
രാധാകൃഷ്ണന്‍ നമ്പ്യാര് അന്ന് കാര്യം നടത്തീട്ടാ .. ലിസ്റ്റില്‍ പേരുണ്ടായിട്ടു പണിക്കു ഇറങ്ങാന്‍ കയ്യൂല്ലാത്ത എന്നെ ഓര് ഒഴിവാക്യപ്പോ ..!! നമ്പ്യാരുടെ ശിപാര്‍ശയിലാ കാര്യം നടന്നത് .
ഇത്തോണാ ന്റെ ബാബുനു വരുന്ന് വിചാരിക്കന് .!!
ഇതിപ്പോ ഭരണം മാറില്ലേ അലവ്യെ .
അല്ലേല്‍ കായി കൊടുത്താലും വേണ്ടില്ലാ 6 മാസം കഞ്ഞി കുടിക്കാന്‍ പറ്റുആര്‍ന്നു.
ഇമ്പടെ പാര്‍ട്ടി അല്ലെ ഇപ്പൊ ഭരിക്കണ് രാമാ ...ഇയ്യ് ആ സെക്രടറി നെ ഒന്ന് ചെന്ന് കാണാന്‍ പറയു ബാബൂനോട്
ഇമ്പടെ സദാനന്ദന്‍ വഴിയുണ്ടാക്കും നെ .
കേന്ദ്രതിലല്ലേ പ്രശ്നമുള്ളു ..ഇമ്മടെ പഞ്ചായത്തും ,കേരളോം ഇമ്പടെ പാര്‍ട്ടി അല്ലെ ഭരിക്കണ്..അപ്പൊ പിന്നെ ഇമ്പടെ കാര്യം നോക്കീട്ടെന്നെ വേറെ കാര്യംള്ളൂ ..!!
ഇജ്ജും കൂടി കേട്ടതല്ലേ ഇമ്പടെ സദാനന്ദന്റെ പ്രസംഗം ..!!
പാവപ്പെട്ടോര്ക് നീതില്ലാച്ചാല്‍ പിന്നെ ആരുക്കാ ഇബടെ നീതി കിട്ടാ ...!!
ഇയ്യ് ബാബൂനോട് പറയ് ആ സദാനന്ദനെ ഒന്ന് കാണാന്‍ ഇമ്പടെ ടീചെര്ടെ ചെക്കനേം കൂട്ടാന്‍ പറഞ്ഞോ ഒനാകുംപോ ഒരു പരിചയം ഉണ്ട് ലോ ..!!
ഇത്രയും പറഞ്ഞു ...സെയ്തലവി കെട്ടു പോയ ബീഡി കുത്തിക്കെടുത്തി ചെവിടിനിടയില്‍ തിരുകി ...ഒന്ന് നെടുവീര്‍പ്പിട്ടു .
***
അനില്‍ സഖാവേ നാളെ കാലത്ത് പാര്‍ട്ടി ആപ്പീസില്‍ സദാനന്ദന്‍ സാര്‍ ഉണ്ടാകുമോ ?
എന്തെ ബാബോ ചീടുകളിച്ചു പിടിച്ചാ വീണ്ടും ?
അതല്ല എന്റെ ഒപ്പം ഒന്ന് പാര്‍ട്ടി ആപ്പീസില്‍ വരുമോ ?
ഇയ്യ് കാര്യം പറ ബാബോ ..ഇമ്മക്ക് വഴി കാണാം നെ !!
കഴിഞ്ഞ കൊല്ലം തെങ്ങില്‍ പരാഗണം നടത്തണ പണി അച്ഛന് കിട്ടീരുന്നു ..അത് അച്ഛന് സൂക്കേട് കൂട്യപ്പോ ഞാനാ ചെയ്തു തീര്‍ത്തെ..കഴിഞ്ഞ കൊല്ലം ലിസ്റ്റില്‍ന്നു അച്ഛന്റെ പേരിനു പകരം എന്റെ പേരാക്കാന്‍..അച്ഛന്‍ നമ്പ്യാരുക്ക് കാശു കൊടുത്താ ശരിയാക്കിയത് ..കയിഞ്ഞ കൊല്ലം ഇനി അച്ഛന് പകരം അനക്ക് കാര്‍ഡയക്കും ട്ടാ അപ്പൊ വന്നു പണി ചെയ്തെക്കണം ന്നാ ആപ്പീസറു പറഞ്ഞത് ..പക്ഷെ ബാകി എല്ലാരുക്കും കാര്‍ഡു വന്നെട്ക്കണ് എന്റോടെ മാത്രം വന്നില്ല ...
ഇപ്പൊ ഭരണം മാറീതോണ്ട് നമ്പ്യാരുടെ അടുത്ത് പോയിട്ട് കാര്യംല്ലാല്ലോ ..!!
ഇമ്മടെ പാര്‍ട്ടിക്കാര്‍ക്ക് കാശ് കൊടുത്താല്‍ പണി ശരിയാക്കാന്‍ പറ്റുമോ ?
ഇയ്യെന്താണ്ട ഇങ്ങനെ പറയണേ .
ഇമ്മടെ പാര്‍ട്ടിക്കാരേം ഇയ്യ് കോണ്‍ഗ്രസില്‍ ചേര്ത്താ ..?
കാശൊന്നും കൊടുക്കണ്ട ഇയ്യ് നാളെ എന്റെ ഒപ്പം പാര്‍ട്ടി ആപ്പീസില് വാ ..നമുക്ക് സെക്രടറി യെ കണ്ടു സംസാരിക്കാം ..അതിന്ടടുത്തു തന്നെ അല്ലെ കൃഷിയാപ്പീസും അവിടേം പോകാം അന്റെ കൂടെ സെക്രട്ടറി അവിടെ വരും ചെയ്യും .പോരെ ...!!
****
ഇയ്യിവിടെ ഇരിക്ക് ട്ടാ ഞാന്‍ പാര്‍ട്ടി അപ്പീസില്‍ ആളുണ്ടോ നോക്കട്ടെ .
കുമാരേട്ടാ സദാനന്ദന്‍ സഖാവ് വന്നോ ?
അനില്‍ ആപ്പീസ് സെക്രടറിയോട് തിരക്കി ..!!
ഇന്നലെ ഞാന്‍ ഫോണില്‍ വിളിച്ചിരുന്നു ..കാലത്ത് കാണാം എന്നാ സഖാവ് പറഞ്ഞത് !!
നീ ഇരിക്ക് ആള് അകത്തുണ്ട് ഞാന്‍ വിളിക്കാം .
ബാബോ ഇയ്യിവിടെ കുമാരേട്ടനോട് സംസാരിച്ചു ഇരിക്ക് .
ഞാന്‍ സെക്രട്ടറി യെ കണ്ടിട്ട് വരാം .
എന്താ അനിലേ പ്രശ്നം ..?
അന്നേ ഈയിടെ ഇങ്ങട്ട് കാണുന്നില്ലല്ലോ ..?
ഇയ്യ് കോളേജ് രാഷ്ട്രീയം മാത്രം ആയി കഴിഞ്ഞു കൂടാണോ ?
പോസ്റ്റ് ആപ്പീസ് ഉപരോധത്തിന് ഉണ്ടാകണം ട്ടാ .. കോളനീലെ ആളുകളെ ഇയ്യ് വേണം കൊണ്ടൊരാന്‍ .
അവര് ഒരു അഴകാണ് ഈ സമരത്തിനു ..അല്ലാതെ ആര് വരാനാ ഇപ്പൊ സമരത്തിന് ഒക്കെ .!!!
നീ വന്ന കാര്യം പറയ്.
സഖാവേ നമ്മടെ രാമേട്ടന്റെ മോനാ എന്റെ ഒപ്പം വന്നിട്ടുള്ളത്
ആര് പണ്ട് കോണ്‍ഗ്രസ് ആയിരുന്ന രാമേട്ടനോ ? അയാള്‍ക്കിപ്പോ എന്താ പ്രശ്നം ..അയാള് ചത്തോ ?
പ്രശ്നം അയാള്‍ക്കല്ല അയാള്‍ടെ മകനാ .. നമ്മടെ യൂത്ത് വിംഗ് ന്റെ വൈസ് പ്രസിടെണ്ടാണ് ആ പയ്യന്‍
ആ പയ്യന് കൃഷി ഭവനീന്ന് ജോലിക്ക് വിളിക്കാറുണ്ട് തെങ്ങിന് പരാഗണം നടത്തുന്ന പണിയാ സഖാവേ ..!
ഇത്തവണ വിളിച്ചില്ല സഖാവ് ഒന്ന് കൃഷിയാപ്പീസു വരെ വന്നാല്‍ ..അവിടെ ഒന്ന് പറഞ്ഞാല്‍ ..!!
സെക്രട്ടറി തുറിച്ച കണ്ണുകളോടെ അനിലിനെ നോക്കി ..!!
ആ കോണ്‍ഗ്രസുകാരന്‍ ആയിരുന്ന ആളല്ലേ രാമന്‍ ..!!
അത് പണ്ടല്ലേ സഖാവേ ഇപ്പൊ ആ വീട്ടുകാര്‍ മുഴുവനും നമ്മുടെ അനുഭാവികളാ
സെക്രട്ടറി ഒന്ന്നു മൂരി നിവര്‍ന്നു ബെല്ലടിച്ചു കുമാരാ എന്ന് പുറത്തേക്കു നോക്കി ഉറക്കെ വിളിച്ചു ..!!
ചായ പറയു ..അനക്ക് ചായ വേണോ അനിലേ ? അന്റെ കൂടെ എത്ര പേരുണ്ട് അവര്ക്കും ചായ പറയാം ..?
വേണ്ട സഖാവേ ഞങള്‍ ചായ കുടിച്ചിട്ടാ വന്നത് .
സെക്രട്ടറി ഒന്നും പറയാതെ മൌനം ഭജിച്ചു ഇരുന്നു .
അല്ല സഖാവേ കൃഷിയാപ്പീസില്‍ .... അനില്‍ മുരടനക്കി .
സെക്രട്ടറി ഒന്ന് കൂടി തുറിച്ചു നോക്കി
അനക്ക് വേറെ പണി ഇല്ലഞ്ഞിട്ടാ ഇയ്യീ കോളനിക്കാരെ കൊണ്ട് നടക്കുന്നത് ..
അവരെ ഒക്കെ നിലക്ക് നിര്തെണ്ടിടത്ത് നിര്‍ത്തണം !!
ഓരോ വണ്ടീം വലകളും കൊണ്ട് വരും .. കോളനിക്കാരുടെ അത് പോയി ..നാട്ടുകാരുടെ ഇത് കാണാന്‍ ഇല്ലാ ..!!
ഇതിനൊക്കെ പിന്നാലെ നടക്കലല്ലാ നമ്മടെ പണി ..!!
ഇത് പാര്‍ട്ടി ആപ്പീസ് തന്നേ അല്ലെ .. അനില്‍ ചുറ്റുപാടുകള്‍ ഒന്ന് കൂടെ വീക്ഷിച്ചു
ഇ . എം .എസ് .ന്റേം ,എ .കെ. ജി .യുടേം ഒക്കെ ഫോട്ടോ ചുമരില്‍ തൂങ്ങുന്നുണ്ട് ,
അതെ ഇത് പാര്‍ട്ടി ആപ്പീസ് തന്നേ ആണ്...!!!
സദാനന്ദന്‍ സഖാവിനു ഗോര്‍ബച്ചേവിന്റെ മുഖചായ ഉണ്ടോ ? ഏയ് തോന്നിയതാകും ..!!
അല്ല സഖാവേ ആ കുടുംബത്തിനു ഒരു 6 മാസം കഞ്ഞി കുടിക്കാനുള്ള വക കിട്ടും സഖാവൊന്നു പറഞ്ഞാല്‍ ..!!
എനിക്കിപ്പോള്‍ നേരം ഇല്ല ഇത്തരം വണ്ടിമലകളുടെ പിറകെ പോകാന്‍ ..!!
വില വര്‍ദ്ധനക്കെതിരെ ഉള്ള സമരത്തിന്റെ സംഘാടക സമിതി യോഗം ഉണ്ട് .
അതിനു ശേഷം ഒരു കൌണ്സിലറുടെ കല്യാണവും ...!!!
ഇത്രയും പറഞ്ഞു സദാനന്ദന്‍ സെക്രട്ടറി കസാരയില്‍ നിന്ന് എണീറ്റു.
ഇനി ഇമ്മാതിരി അലവലാതി കേസുകളുമായി ഇങ്ങോട്ടിറങ്ങിയേക്കരുത്.
അനിലിന്റെ ആവലാതി മുഴുവനും പുറത്തിരിക്കുന്ന ബാബു ഇതെങ്ങാനും കേള്‍ക്കുമോ എന്നായിരുന്നു .
സഖാവേ ഒരു ഉപകാരം ചെയ്യാമോ ..?
ഒന്ന് കൃഷിആപ്പീസിലേക്ക് വിളിച്ചു പറയാമോ ഞാന്‍ ഒന്ന് പോയിനോക്കട്ടെ ...!!!
നീ ഇനിയും അതില്‍ ത്തന്നെ കടിച്ചു തൂങ്ങി നില്‍ക്കയാണോ ?
കോളനിക്കാര്‍ക്ക് എല്ലാം ചെയ്തു കൊടുത്താല്‍ പിന്നെ പഞ്ചായത്തില്‍ ആരുടെ പ്രശ്നംപറഞ്ഞാ നമ്മള്‍ സമരം നടത്തുക ..!!!
നീ ഇനിയും രാഷ്ട്രീയം പഠിക്കേണ്ടി ഇരിക്കുന്നു .. ആ പയ്യനെ പറഞ്ഞു വിടാന്‍ നോക്ക് .. വിളിച്ചു പറയാം ...എല്ലാം സെക്രട്ടറി ഏറ്റിട്ടുണ്ട് എന്ന് പറഞ്ഞാല്‍ മതി ..!!
ഇത്രയും പറഞ്ഞു സെക്രടറി പുറത്തേക്കിറങ്ങാന്‍ തുടങ്ങി ..കൂടെ അനിലും ..!!
പുറത്തിരുന്ന ബാബുവിനോടു ഒരു വെളുത്ത ചിരി ചിരിച്ചു ലോക്കല്‍ സെക്രട്ടറി പറഞ്ഞു എല്ലാം ശരിയാക്കിയിട്ടുണ്ട് .. പണി ശരിയാകും കേട്ടോ ..!!
ഞാന്‍ വിളിച്ചു പറഞ്ഞോളാം കൃഷി ആപ്പീസില്‍ ..!! ഇത്രയും പറഞ്ഞു സെക്രട്ടറി പുറത്തേക്കിറങ്ങി ...!!
വൈരുധ്യാത്മകതക്ക് പുതിയ ഉധാഹരണങ്ങള്‍ പിറക്കുന്നത് കണ്ടു ...അനില്‍ പറഞ്ഞു .
അപ്പൊ ശരി കുമാരേട്ടാ ഞങള്‍ ഇറങ്ങട്ടെ .!!!
ബാബു നീ വായോ ഇമ്പക്ക് അവിടെ വരെ ഒന്ന് പോകാം .!!
അനില്‍ സഖാവേ സെക്രട്ടറി പറഞ്ഞതൊക്കെ കുറെ ഞാനും കേട്ട് ..!!
വേണ്ട സഖാവേ ഈ പണി ഇല്ലേല്‍ വേറെ പണി നോക്കണം ..!
എന്നാലും ഇങ്ങനെ ഒക്കെ ആണോ നമ്മടെ പാര്‍ട്ടി ?
നീ വാടാ ബാബോ .. വഴി ഉണ്ട്.
****
സര്‍ എന്റെ പേര് അനില്‍ ..ഞാന്‍ പാര്‍ട്ടി അപ്പീസില്‍ നിന്ന് വരികയാണ്
വിദ്യാര്‍ഥി ഫെഡരേഷന്റെ ഏരിയ ജോയിന്റ് സെക്രട്ടറി ആണ്
ഈ പയ്യന്‍ എനിക്ക് നേരിട്ട് അറിയാവുന്ന പയ്യനാ... പാവമാണ് സര്‍ .. ബാക്കി എല്ലാവര്ക്കും കാര്‍ഡു വന്നു .
ഇവന് മാത്രം വന്നിട്ടില്ല .. ഈ പണി കിട്ടിയാല്‍ ഒരു കുടുംബം പട്ടിണി ഇല്ലാതെ കഴിഞ്ഞു പോകും .
സര്‍ നു എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ..!!
നീ ആ രാമന്റെ മോനല്ലേ .. കൃഷിയാപ്പീസര്‍ ബാബുവിനെ നോക്കി ചോദിച്ചു ..!!
കഴിഞ്ഞ വട്ടം പകരം പണി ചെയ്തത് നീ ആണല്ലേ ..അടുത്ത ദിവസം കത്ത് വിടുന്നതില്‍ ചേര്‍ക്കാന്‍ നോക്കാം .
സന്തോഷമോ സങ്കടമോ ഇല്ലാതെ കൃഷിഭവനില്‍ നിന്ന് ഇറങ്ങി നടന്നു .
ഇയ്യ് ബേജാറാകാതെ ഇരിക്ക് ബാബോ ..എല്ലാം ശരിയാകും നെ .
ഇയ്യിനി ഇപ്പൊ ഇമ്മടെ സെക്രട്ടറി പറഞ്ഞ കാര്യം ആരോടും പറയാന്‍ നിക്കണ്ടാ ട്ടാ .!!!
****
സെയ്തോ ഇന്റെ ചെക്കന് പണി കിട്ടീ ട്ടാ ..ഓന് ഇന്നലെ കാര്‍ഡു വന്നിരിക്കണ്
ഞാന്‍ പറഞ്ഞില്ലേ രാമാ ഇമ്പടെ സെക്രട്ടറി ആളൊരു ബയങ്കരന്‍ ത്തന്നെ ആണ് ന്നു
എന്താ പ്രസംഗം ..പാവപ്പെട്ട ഇമ്പടെ പ്രശ്നങ്ങളില്‍ ഓരെ പോലെ ആരാ ഇടപെടണേ...!!!
ഓര് ....ഓര്... പടച്ചോന്‍ തന്നെ ..രാമാ ..!!