Saturday

കഥ പറയുമ്പോള്‍ 2.

A happy childhood is one of the best gift
You can give your child

~Mary Cholmondeley

...ഇങ്ങനെ എവെര്‍ഗ്രീന്‍ വില്ലന്മാര്‍ ഇന്നും വിടര്‍ന്നു വിലസുന്നു , ഹൃദയ നിര്‍മ്മലത ഉള്ള പാവങ്ങളായിട്ടും ഇന്നും അവരൊക്കെ കുട്ടികളുടെ മനസ്സില്‍ ഭയം സമ്മാനിച്ച്‌ ജീവിക്കുന്നു ..

തുടര്‍ന്ന് വായിക്കുക .

എന്റെ പ്രധാന കളിപ്പാട്ടം ഒരു വാക്കത്തി ആയിരുന്നു പ്രധാന വിനോദം ചുമര് തുരക്കലും ..
അല്ലാത്ത സമയത്ത് ഒരേക്കര്‍ നീണ്ടു കിടക്കുന്ന കശുമാവിന്‍ തോട്ടത്തില്‍ അമ്മമ്മയോടൊപ്പം ഓടി നടക്കും.
അമ്മമ്മ ഒരു പാവം സ്ത്രീ ആയിരുന്നു ഒരു സാധാരണ നാട്ടിന്‍ പുറത്തുകാരി ..ഗ്രാമങ്ങളുടെ ഉള്‍ക്കാമ്പുകളിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ ഇത്തരം അമ്മമ്മ മാരെ ഇപ്പോളും കാണാം .വംശനാശം വന്നുകൊണ്ടിരിക്കുന്ന സഹൃദയരുടെ അവസാനത്തെ കണ്ണികള്‍ .കാലത്തിനോടൊപ്പം നടന്ന കാലുകളുടെ ഉടമകള്‍ ..
നഗരങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ ഓള്‍ഡ്‌ എയ്ജ് ഹോമുകളിലേക്ക് ചുരുങ്ങിപ്പോകുന്ന അമ്മമ്മ മാരെയും ഞാന്‍ കണ്ടിട്ടുണ്ട് . വളര്‍ത്തി വലുതാക്കിയവരെ അസൌകര്യത്തിന്റെ മുദ്രകുത്തി ഒറ്റപ്പെടുത്തുന്ന പുതുയുഗത്തിന്റെ പരിണാമങ്ങളില്‍ ജീവിക്കുന്ന അമ്മാമ്മമാര്‍ .. നഗരങ്ങള്‍ക്കപ്പുറത്ത് നഗരങ്ങള്‍ മാത്രമായി മാറുമ്പോള്‍ നമ്മള്‍ അവിടെക്കാണ് യാത്രപോകുക .. ഓള്‍ഡ്‌ എയ്ജ് ഹോമുകളുടെ മതില്‍ കെട്ടിനകത്തെക്ക്..!!!
കഥകളുടെ ഒരു വലിയ കലവറ ഒന്നും ആയിരുന്നില്ല അമ്മമ്മ ,എങ്കിലും ഭൂതങ്ങളുടെയും, ഗന്ദര്‍വ്വന്‍ മാരുടെയും , ദൈവങ്ങളുടെയും ഭീതി പരത്തുന്നതും അദ്ബുദപ്പെടുതുന്നതുമായ കഥകള്‍ അമ്മമ്മക്ക് അറിയാമായിരുന്നു ..
കറുത്ത പൂച്ചയെ കാണുമ്പോള്‍ ഞാന്‍ ഓടി ഒളിച്ചിരുന്നതിന്റെ ഒരു കാരണവും ഈ കഥകള്‍ തന്നെ ആയിരുന്നു .കാടന്‍ പൂച്ചയെ കണ്ടു എത്ര തവണ ശ്രീകൃഷ്ണനെ പോലെ നിന്നിരിക്കുന്നു ( കാടന്‍ പൂച്ച കാലിനിടയില്‍ കൂടി കടന്നു പോയാല്‍ മരിച്ചു പോകും എന്നൊരു കഥയും അമ്മമ്മ പറഞ്ഞു തന്നിരുന്നേ !!! )


അമ്മമ്മക്ക് അഞ്ചു പെണ്മക്കള്‍ ആയിരുന്നു ആറാമതായി ഉണ്ടായ ആണ്‍കുട്ടി ചെറുപ്പത്തിലെ മരിച്ചു അത് കൊണ്ട് കൊച്ചുമക്കളായ ഞങ്ങളെ എല്ലാവരെയും പ്രത്യേക വാത്സല്യത്തോടെ ആണ് അമ്മമ്മ വളര്‍ത്തിയത്‌
അഞ്ചു പെണ്മക്കള്‍ക്കും ഓരോന്ന് വീതം ആണ്മക്കളും ഉണ്ടായിരുന്നു ..അമ്മമ്മക്ക് നഷ്ടപ്പെട്ട ആ ആണ്‍കുഞ്ഞ് അഞ്ചു പേരായി ജനിച്ചതാണെന്നു, ഞാന്‍ എന്ന എത്തിയിസ്റ്റ് രൂപാന്തരം പ്രപിക്കുന്നതിനു വളരെ വളരെ പണ്ട് മറ്റുള്ളവരോട് വീമ്പിളക്കാറുണ്ടായിറുന്നു ..ജനിച്ചു വീഴുമ്പോളെ നട്ടെല്ലു വളക്കാനും എണ്ണിയാല്‍ തീരാത്ത ദൈവങ്ങളുടെ ദാസനായി മാറാനും പഠിപ്പിച്ചു തരുന്ന കേരള യാഥാസ്ഥിക കള്‍ച്ചറില്‍ ജനിക്കുകയും ജീവിച്ചു വരികയും ചെയ്തപ്പോള്‍ കണ്ടതിലോക്കെ ദൈവഭയം ആയിരുന്നു ..ജീവിതം കൊണ്ട് മനസ്സിലാക്കിയ ദൈവങ്ങള്‍ പിന്നീടു പലതുമുണ്ടായി. ഒടുവില്‍ ആ സത്യം മനസ്സിലാകുകയും ചെയ്തു .. കാലപ്പഴക്കത്തില്‍ തഴമ്പിച്ച ഓര്‍മ്മക്കുള്ളില്‍ നിന്നു അറിയാതെ ഇപ്പോളും വിളിച്ചു പോകാറുണ്ട് ഈശ്വരാ എന്ന് ..!!! ആ കുന്നില്‍ പുറത്തെ കൊച്ചു വീട്ടില്‍ പണ്ട് ഞാന്‍ അമ്മയെ വിളിച്ചു കരഞ്ഞിരുന്ന പോലെ ..ചില നിരര്‍ത്ഥകമായ വിളികള്‍ .
ആരും കേള്‍ക്കാനില്ലാത്ത വിളികള്‍ ..എന്റെ കരച്ചിലുകള്‍ ആ കുന്നിന്‍ പുറത്തെ കൊച്ചു വീടിന്റെ ചുമരിനുള്ളിലെവിടെയോ പോയി ഒളിച്ചിരുന്നിട്ടുണ്ടാകും ..."എന്നും എല്ലാവരും എന്നോട് അങ്ങിനെ ആണല്ലോ..? എല്ലാവരും ഒളിച്ചിരിക്കുകയല്ലേ... "!!.
എത്രയോ കുട്ടികള്‍ ഇങ്ങനെ ഒറ്റപ്പെട്ടു ...
നാലു ചുമരിന്റെ സുരക്ഷിതത്വത്തിനകത്തു ..
ഇടുങ്ങി ജീവിക്കുന്നു..
അവന്റെ വേദനയും , സങ്കടവും ചുമരുകളോട് പറഞ്ഞു ..കരഞ്ഞു, തളര്‍ന്നുറങ്ങുന്നു .
ചിലര്‍ സുരക്ഷ മുഴുവനും ആകാശത്തിനു താഴെ ഏല്പിച്ചു ജീവിക്കുന്നു .
ഒരു നോട്ടം .. ഒരു വാക് .. ഒരു കുഞ്ഞു തലോടല്‍ .. അങ്ങനെ എത്രയെത്ര കൊതികള്‍ ....!!!
ഒരിക്കലും മടങ്ങി വരാത്ത കൊച്ചു കൊച്ചു നഷ്ടങ്ങള്‍ ...

****

ഞാന്‍ വെട്ടുകത്തിയും എടുത്തു ചുമരില്‍ വെട്ടിക്കൊണ്ടിരുന്നത് കണ്ടു കൊണ്ടാണ് മേമ അകത്തേക്ക് വന്നത്
ചെക്കനെ കൊണ്ട് തോറ്റു
ഡാ നിന്നെ ഞാന്‍ ഇന്ന് ശരിയാക്കും നിന്റെ ഒരു ചുമര് പൊളി .
ഒരു വടി എടുത്തു നിലത്തടിച്ചു എന്നെ കണ്ണുരുട്ടി നോക്കി
ഞാന്‍ കത്തി അവിടെ ഇട്ടു ഒരൊറ്റ ഓട്ടം മേമ പുറകെയും
ഓടി ചെന്ന് അമ്മമ്മ യുടെ പുറകിലൊളിച്ചു ..!
ഇവനെ ഇന്ന് തവിട് കാരന് കൊടുത്തിട്ടേ ഉള്ളൂ ബാകി കാര്യം .
അല്ലെങ്കീ ഇവനീ വീട് പൊളിക്കും ..!!!

എനിക്ക് മൂന്ന് വയസ്സായപ്പോള്‍ നഷ്ട്ടപ്പെട്ട സ്നേഹവും ആയി
അമ്മ പഠനവുംകഴിഞ്ഞു മടങ്ങി വന്നു
ഞാന്‍ നട്ട മൂവാണ്ടന്‍ മാവ് മൂന്നു വര്ഷം നിറഞ്ഞു കായ്ച്ചു .. കുന്നിന്‍ മുകളിലെ കശുമാവുകള്‍ പൂത്തു തളിര്‍ത്ത്‌ കേച്ചേരിയിലെ കശുവണ്ടി കടയിലേക്കും അവിടെ നിന്നു കൊച്ചിയിലേക്കും പിന്നീട് കടലുകടന്നു സായിപ്പിന്റെ നാടുകളിലേക്കും പറന്നു
അമ്മമ്മ വളര്‍ത്തിയിരുന്ന ആട് അതിന്റെ കുടുംബം വിപുലീകരിച്ചു .
കാലം സമയത്തെക്കാള്‍ വേഗത്തില്‍ പാഞ്ഞു .നാട് വളര്‍ന്നു ഒപ്പം ഞാനും .
നാല് വര്ഷം മുന്‍പ് അമ്മമ്മയും അച്ഛച്ചനും മാലാഖ മാരുടെ നാട്ടിലേക്ക് യാത്രപോയി .
കാത്തിരിപ്പുകളുടെ നീണ്ട നിര തന്നെ നിന്റെ ജീവിതത്തിലുണ്ട്പഞ്ചൂ പ്രാപ്തനാകുക
എന്ന് എന്നെ അറിയാതെ പഠിപ്പിച്ച ആ കുഞ്ഞു വീട് ഞാന്‍ പൊളിക്കാതെ തന്നെ നിലം പൊത്തി .
എന്റെ കാത്തിരിപ്പുകളുടെ സ്മരണ കുടീരം പോലെ ചില അവശിഷ്ടങ്ങള്‍ ഇപ്പോളും അവിടെ ബാകിയായി ഉണ്ട്.
അവിടെ പോകുമ്പോളൊക്കെ ഞാന്‍ കാണാറുണ്ട്‌ മറ്റാര്‍ക്കും കാണാന്‍ കഴിയാത്ത ആ കാഴ്ച
എന്റെ "തക്ഷശില"ക്ക് മുകളില്‍ പുഞ്ചിരിക്കുന്ന മുഖവുമുള്ള ഒരു രണ്ടു വയസ്സുകാരനെ.
കാത്തിരിപ്പിന്റെ കണ്ണുകളുള്ള ഒരു കൊച്ചു പഞ്ചുവിനെ .

"വിട്ടുപോകുന്നവരൊക്കെ തിരിച്ചു വരാനുള്ള വഴികള്‍ മായച്ചാണ് പോകുന്നത്
അന്വേഷിച്ചു പോകാനുള്ള അടയാളങ്ങളും "
(അവസാനിക്കുന്നില്ല )

കഥപറയുമ്പോള്‍ .1

It's never too late to have a happy childhood
~Berke Breathed.

അടുത്തിടെ എന്റെ സുഹൃത്ത് അനൂപ്‌ കുമാറിന്റെ കവിത വായിച്ചു ..
'ബട്ടുന്‍സ് ' വരികള്‍ എനിക്ക് ഇപ്പോള്‍ കൃത്യമായി ഓര്മ വരുന്നില്ല .
എങ്കിലും ഇങ്ങനെ ഒക്കെ ആയിരുന്നു കവിത ..

അച്ഛന്റെ ചൂടു പറ്റി
നെഞ്ചില്‍ ചേര്‍നുഉറങ്ങുമ്പോള്‍
പല്ലു മുളകാത്ത മോണകൊണ്ടു
കടിച്ചു പിടിച്ചത്
ബട്ടന്‍സ്‌ .!

ആ കവിതയുടെ വരികളില്‍ കോര്തുവെച്ച സ്നേഹത്തിലൂടെ
കാത്തിരിപ്പിന്റെ ബാല പാഠങ്ങള്‍ പഠിപ്പിച്ച എന്റെ ആദിയിലേക്ക് ഞാന്‍ സഞ്ചരിക്കുകയായിരുന്നു .. അച്ഛന്റെ നെഞ്ചില്‍ തലവച്ചു പഞ്ചു ഉറക്കം കാത്തു കിടക്കുകയാണ് .. അച്ഛന്‍ കഥ തുടങ്ങി ..!
പണ്ട് പണ്ട് ഒരു അനാഥനായ ഒരു കുട്ടിയുണ്ടായിരുന്നു .. ഡിക്കെന്നായിരുന്നു ആ കുട്ടിയുടെ പേര് ..!
ഈ കഥ വേണ്ടച്ചാ .. ഇന്നലേം ഇത് തന്ന്യാ പറഞ്ഞത് .. രണ്ടു വയസ്സിന്റെ ഓര്‍മ്മ ശക്തിയില്‍ നിന്ന് ഞാന്‍ നീരസം പ്രകടിപ്പിച്ച് കൊഞ്ചി കൊഞ്ചി പറഞ്ഞു .
പിന്നെ നിനക്ക് ഏതു കഥയാ വേണ്ടത് നീ തന്നെ പറ ..?
പഞ്ചുനിപ്പം കഥ വേണ്ട ...പഞ്ചുനു അമ്മയെ കാണണം ... ഇപ്പൊ അമ്മയെ കാണണം ...!!!
നാളെ നമുക്ക് ഒരുമിച്ചു കണ്ണൂര്‍ക്ക്‌ പോകാം ടോ ..! ഇപ്പൊ മോന്‍ ഉറങ്ങു .. എന്റെ പുറത്തു തട്ടി പതുക്കെ അച്ഛന്‍ പറഞ്ഞു ..!!!
നാളെനു പറഞ്ഞാല്‍ എപ്പളാ ആകുക ?
എത്ര കഥ പറഞ്ഞു കഴിഞ്ഞാല നാളെ ആകുക അച്ഛാ ..? നാല് , ഒന്ന് , എട്ട് .അഞ്ച് ഇത്രയും കഥ പറഞ്ഞു തീരുമ്പോള്‍ നാളെ ആകുമോ ? അറിയാവുന്ന എണ്ണം ഒക്കെ പെറുക്കിക്കൂട്ടി ഞാന്‍ അച്ഛനോട് ചോദിച്ചു ...!!
ഒന്ന് നെടുവീര്‍പ്പിട്ടു അച്ഛന്‍ എന്റെ പുറത്തു പതുക്കെ തലോടിയിട്ട് പറഞ്ഞു
ഈ കഥയും കൂടി തീരുമ്പോ നാളെ ആകും ടോ ..!!
ഒരിടത്തൊരിടത്ത് ഒരു വലിയ കാടുണ്ടാരുന്നു .. ആ കാട്ടില്‍ "ഉഗ്രന്‍ "എന്ന് പേരുള്ളൊരു സിംഹവും ഉണ്ടായിരുന്നു ..
പേര് പോലെ തന്നെ ഉഗ്രനായിരുന്നു ആ സിംഹവും ... എന്റെ മനസ്സു പതുക്കെ ആ കാട്ടിലേക്ക് യാത്ര തുടങ്ങി .. കണ്ണൂരും ,അമ്മയും , യാത്രയും ....എല്ലാം ആ കാടിന്റെ , കഥയുടെ നിഗൂടതയില്‍ അലിഞ്ഞലിഞ്ഞു ഇല്ലാതായി...!!! കഥക്കൊപ്പം എന്റെ മൂളലുകളും പതുക്കെ നിന്നു .. ഉറങ്ങിയെന്നു ഉറപ്പുവരുത്താനായി അച്ഛന്‍ പതുക്കെ ചോദിച്ചു പഞ്ചൂ നീ ഒറങ്ങ്യോ..?
എന്റെ മനസ്സ് സ്വപ്നങ്ങളില്‍ വീണു എപ്പോളെ കാടിന്റെ പച്ചപ്പിലേക്ക് മറഞ്ഞു കഴിഞ്ഞിരുന്നു ..!!
അച്ഛന്‍ പതിയെ നെഞ്ചില്‍ നിന്നും എന്നെ എടുത്തു കട്ടിലില്‍ കിടത്തി ...
അമ്മയെ ചോദിച്ചു കരയുമ്പോളൊക്കെ .. ഇങ്ങനെ കഥപറഞ്ഞു പറ്റിക്കും.. അങ്ങനെ ആ ദിവസവും അവസാനിച്ചു ... ഒന്നര വയസ്സുകാരനെ പറ്റിക്കാന്‍ കഥകളൊക്കെ ധാരാളം, എന്ന് അറിയാതെ ഞാന്‍ പഠിച്ചത്
ഒരു പക്ഷെ അന്നായിരിക്കാം ..
പക്ഷെ കഥകള്‍ ഒരിക്കലും അമ്മക്ക് പകരമാകില്ല എന്ന് ഞാന്‍ പറഞ്ഞിരുന്നു .. പക്ഷെ ആര് കേള്‍ക്കാന്‍ . കുട്ടികളുടെ ഭാഷ വലിയവര്‍ക്കറിയില്ലല്ലോ ?

*****

എനിക്ക് ഒന്നര വയസ്സായപ്പോള്‍ കൈക്കുഞ്ഞായ എന്നെ അമ്മാമയെ ഏല്പിച്ചു അമ്മ മലബാറിലേക്ക് ( കണ്ണൂര്‍ ) പഠനത്തിനായി പോയി ഒന്നര കൊല്ലത്തെ പഠനവും ആയി അമ്മ അവിടെ ആയിരുന്നു ..അമ്മമ്മയുടെ കൂടെയും അച്ഛന്റെ തറവാട്ടിലും ആയിട്ടാണ് ഞാന്‍ വളര്‍ന്നത്‌ .ഗവ യു .പി .സ്കൂള്‍ അധ്യാപകനായിരുന്നു എന്റെ അച്ഛന്‍ .. അച്ഛന്‍ പഠിപ്പിച്ചിരുന്ന സ്കൂള്‍ അച്ഛന്റെ തറവാടിനു അടുത്തായിരുനത് കൊണ്ട് അച്ഛന്‍ അച്ഛന്റെ തറവാട്ടില്‍ ആയിരുന്നു . സ്വതവേ വികൃതിയും വാശിക്കാരനും ആയ എന്നെ നോക്കുക എന്നതു ഒരു കുഴപ്പം പിടിച്ച ജോലി തന്നെ ആയിരുന്നു . അച്ഛന്‍ സ്കൂളില്‍ പോയാല്‍ കൈക്കുഞ്ഞും പോരാത്തതിനു 'വികൃതി രാമനും' ആയ എന്നെ അച്ഛന്റെ തറവാട്ടിലാക്കുന്നതിനെക്കാള്‍ നല്ലത് അമ്മവീടും അമ്മമ്മയും തന്നെയാണെന്നുള്ള നിഗമനം കാരണം എന്റെ ആ ജയില്‍ വാസം അമ്മമ്മയുടെ അടുത്തായി .
അന്ന് ഞാന്‍ ഒരു കൊടും വികൃതി ആയിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ( ഇപ്പോള്‍ പക്ഷെ പാവമാണ് ഞാന്‍ ) വല്ല്യമ്മയുടെ മോളായിരുന്നു എന്റെ (ആകെയുള്ള ) പ്രധാന കളിക്കൂട്ടുകാരി ,
എന്നേക്കാള്‍ ഒരു വയസ്സിനു മൂത്തവളാണെങ്കിലും എന്നേക്കാള്‍ ചെറുതായിരുന്നു അവള്‍ എന്റെ ഇടിയും തൊഴിയും മുടി പിടിച്ചു വലിച്ചുള്ള ദേഷ്യം തീര്‍ക്കലും പാവം ഒരു പാട് സഹിച്ചിരിക്കുന്നുനു അമ്മമ്മ പറയുമായിരുന്നു ... എന്നാലും വരും എന്റെ ഒപ്പം.. ഡാ പിജീ..നീ ഉപ്പൂണ്‍ കണ്ടോ നു ചോദിച്ചു... ( ടീസ്പൂണ്‍ നു അവള് അങ്ങനെ ആണ് പറയാറുള്ളത് ഇപ്പോളും അത് പറഞ്ഞു ഞാന്‍ കളിയാക്കാറുണ്ട് ഉപ്പൂണ്‍ കണ്ടോ മിമീ നു ചോദിച്ചു ..?)
എന്റെ വികൃതി സഹിക്കാന്‍ മേലാതാകുമ്പോ മേമ ( ചെറിയമ്മ ) പറയും
നിന്നെ ഞാന്‍ അടുത്ത തവിട് വിക്കണ ആള് വരുമ്പോ അയാള്‍ക്ക്‌ കൊടുക്കും !
കഴിഞ്ഞ തവണത്തെ ചന്ദ്രേടെ കത്തിലുണ്ടാരുന്നു നിന്നെ തവിടുകാരന് കൊടുത്തോളാന്‍ .. ഇനി നീ വികൃതി കാണിച്ചാ നിന്നെ തവിടുകാരന് കൊടുക്കും ... അമ്പ ....ഇങ്ങനേം ഉണ്ടോ ഒരു വികൃതിചെക്കന്‍ ,എന്നിട്ട് കണ്ണുരുട്ടി എന്നെ പേടിപ്പിക്കും .
ഇനിയെങ്ങാനും എന്നെ തവിടിന് വിക്കുമോ ഇവര്‍ ..?
എന്ന ആശങ്കയില്‍ ...ഉള്ളിലുള്ള പേടി പുറത്തു കാണിക്കാതെ ഞാന്‍ പറയും.
നൊണച്ചിയാ മേമ ..എനിച്ചറിയാലോ അമ്മ പഠിക്കാന്‍ പോയതാണ് നു അമ്മ അങ്ങനൊന്നും പറയില്ല
നൊണ പറഞ്ഞാല്‍ നരകത്തില് പോകും ..അവിടെ ചട്ടിയിലിട്ടു വറുക്കും ..അപ്പൊ കാണാം ..!!!
ചുണ്ടുകൊണ്ട് ഗോഷ്ടി കാണിച്ചു ഞാന്‍ മുറ്റത്തെക്കിറങ്ങും ..
അന്ന് എന്നെ ശുണ്ടി പിടിപ്പിക്കല്‍ അമ്മമാരുടെ ഒരു പ്രധാന വിനോദമായിരുന്നു .
ഇന്നും ഇത്തരം ക്രൂര വിനോദങ്ങള്‍ കുട്ടികളോട് എല്ലാവരും തുടരുന്നുണ്ട് ...തവിട് വില്‍ക്കാന്‍ വരുന്ന ശങ്കരന്‍ , കള്ള് ചെത്താന്‍ വരുന്ന കുട്ടപ്പചെണാര്‍ , പൊരിയും കൊണ്ട് വന്നിരുന്ന പൊരി അമ്മൂമ്മ , ചട്ടി വില്‍ക്കാന്‍ വരുന്ന ചെട്ടിച്ചി അക്കന്‍ ഇങ്ങനെ എവെര്‍ഗ്രീന്‍ വില്ലന്മാര്‍ ഇന്നും വിടര്‍ന്നു വിലസുന്നു . ഹൃദയ നിര്‍മ്മലത ഉള്ള പാവങ്ങളായിട്ടും ഇന്നും അവരൊക്കെ കുട്ടികളുടെ മനസ്സില്‍ ഭയം സമ്മാനിച്ച്‌ ജീവിക്കുന്നു ..!!

(തുടരും )