Wednesday

ന്നാലും ന്റെ കടലേ (ഒരു മലക്കഥ)

ആന്റപ്പന്‍ :ഡാ ശവീ ഇന്ന് കടല് കാണാനാ പോയാലോ ആന്റപ്പന്റെ  ചാറ്റ്  ബോക്സ്‌ തലപൊക്കി പച്ച വെളിച്ചം മിന്നിച്ചു ചിരിച്ചു ചോദിച്ചു .!!! :-)
നായാടി :ഞാന്‍ റെഡി :-)
ആന്റപ്പന്‍ :കോക്കാനും, ശ്രീധരപ്പൂപ്പനും നാട്ടില്‍ വന്നിട്ടുണ്ട്  അവരേം വിളിക്കാം, പിന്നെ സിന്റപ്പനും വരും .
ആന്റപ്പന്‍ :എനിക്ക് നല്ല തെങ്ങിന്‍ കള്ള്  വേണം കിട്ടുമോ ? :)-
നായാടി :വഴിയുണ്ടാക്കാം നീ ബാകി എല്ലാരേം വിളി . കള്ളൊക്കെ കിട്ടുമെടെ !!!
"വില്ലെവിടെ ഉണ്ടോ  അവിടെ വഴിയുണ്ട് എന്നല്ലേ "
ആന്റപ്പന്‍ :ഉച്ചയാകുംമ്പോളേക്കും കടലില്‍ ചെല്ലണം .നീ വേഗം സെറ്റ്  അപ്പ്‌ ഉണ്ടാക്ക് !!!
അപ്പൊ ബാകി എല്ലാം പറഞ്ഞപോലെ കടപ്പുറം .പി .ഒ .ഡിം...ഡിം ...ഡിമ്പട ....ഡിം...!!!

you  are  no  longer signed  to  gtalk

*****
കടപ്പുറത്തെത്തുമ്പോള്‍ ഉച്ച സമയം ,യാത്രക്കിടയില്‍ ആന്റപ്പനും സിന്റപ്പനും ഞാനും  2 പെഗ്ഗ്  absolute vodka അകത്താക്കി .
ഇച്ചിരി മൂത്തപ്പോ ആന്റപ്പന്‍ പറഞ്ഞു കള്ള് വേണം നല്ല നാടന്‍ കള്ള്  ഈ വിദേശികള്‍ക്ക്  ഒരു ഹരം പോരാഡാ ശവ്യേ ...!!!
കോക്കാന്‍ ഒന്നും മിണ്ടാതെ ഒരേ ഇരിപ്പാണ്  ശ്രീധരപ്പൂപ്പന്‍  മുഴുവന്‍ ശ്രദ്ധയും സ്ടീറിങ്ങില്‍ കേന്ദ്രീകരിച്ചു മിണ്ടാതെ വണ്ടി ഓടിക്കുന്നു .
കടപ്പുറം എത്താന്‍ ഒരു കിലോമീറ്റര്‍  കഷ്ട്ടി കാണും ,വഴിക്ക് ശ്രീധരന്‍ ആഞ്ഞൊരു ബ്രെയ്ക്കിട്ടു  ...!!!
എന്റെം സിന്റപ്പന്റെം മദ്യ ഗ്ലാസ്സുകള്‍ ഒന്നുടെ ചിയേര്‍സ്  പറഞ്ഞു മുട്ടി , മദ്യം പുറത്തേക്കു തുളുമ്പി സീറ്റില്‍ പോയി !!
ആരടെ അപ്പാപ്പനെ കെട്ടിക്കാനാ ഇപ്പൊ ഇങ്ങനെ ഒരു ചവിട്ടു ?
ശവി ആ സ്മാള്‍ മൊത്താ പോയി !!! സിന്റപ്പന്‍ മദ്യം പോയ അമര്‍ഷത്തില്‍ പറഞ്ഞു .
മിണ്ടാണ്ട്‌ വലത്തോട്ടു നോക്കടാ ചെറ്റേ !!! ശ്രീധരന്‍ അലറി .
സൈഡില്‍ ഒരു വെള്ള ബോര്‍ഡ് കണ്ടു  അതില്‍ കറുത്ത വടിവൊത്ത അക്ഷരത്തില്‍ ഇത്രയും
എഴുതിയിരുന്നു 

'കള്ള് ഷാപ്പ്‌ 
ലൈസന്‍സി  കെ .സി .രാജന്‍
രജി : No 123 / 56 '

ആന്റപ്പന്‍ കൂക്ക് വിളിയോടെ ചാടി ഇറങ്ങി ഹുയ്യട ഹുയ്യേ..!!!
ഷാപ്പില്‍ നല്ല തിരക്കുണ്ട്‌ .ഞങള്‍  4 കുപ്പി കള്ള് പറഞ്ഞു 2 പന 2  തെങ്ങ് .
കൊക്കാന്‍ പറഞ്ഞു എനിക്ക് വേണ്ടാ വീട്ടില്‍ അലമ്പാവും .!!
നിന്റെ ഒക്കെ കൂടെ ആണ് പോരുന്നത്  എന്ന്  പറഞ്ഞപ്പോളേ 'അവള്‍ടെ' മോറു കടന്നല്ല് കുത്തിയ മാതിരിയാ ഇനി കള്ളും കുടിച്ചു ചെന്നാല്‍ ചോറ് കിട്ടില്ല ...!!!
ഹോ ...!!! നിനക്കിങ്ങനെ തന്നെ വേണം. പെണ്ണുകെട്ടി രണ്ടിന്റന്നു കുടി നിര്‍ത്തി ...ശവീ ...!!! ആന്റപ്പന്‍ പുച്ചത്തോടെ പറഞ്ഞു .
ആന്റപ്പാ നെഗളിക്കണ്ടാ "ഇന്ന്  ഞാന്‍  നാളെ നീ "  നിന്റെ  ഗ്യാസും പോകും നോക്കിക്കോ !!!
നിന്റെ ദിനങ്ങളും എണ്ണപ്പെട്ടു കഴിഞ്ഞു . കൊക്കാന്‍ നീണ്ട നെടുവീര്‍പ്പിട്ടു ബീഫ് കറി യില്‍ നിന്ന്  ഒരു ടിസ്പൂണ്‍ ബീഫ് കോരി തിന്നു .
ഞാനും സിന്റപ്പനും  കള്ള് നാല് ക്ലാസില്‍ പകര്‍ത്തി. ക്ലാസ്സ്‌  ഉയര്‍ത്തി ഞാന്‍ പറഞ്ഞു ആന്റപ്പാ "സമ്പല്‍ സമൃദ്ധിയുടെ ഉത്സവമായ വിഷുവിന്റെ ഓര്‍മയ്ക്ക് "ചിയേര്‍സ് 
ഉടനെ ആന്റപ്പന്‍ പറഞ്ഞു നിക്കിനെടാ ..ആ പോസില്‍ നിക്കിനെടാ ഒരു ഐ ഫോണ്‍ ക്ലിക്ക്  ? ഐ എന്ന വാക്ക് കണ്ടു പിടിച്ച പ്രേംനസീറിനെ മനസ്സില്‍ സ്മരിച്ചു ആന്റപ്പന്റെ ഒരു ഐ ക്ലിക്ക് .
പിന്നെ വീണ്ടും ഒരു ഐ ക്ലിക്ക്  . ഐ ഫോണ്‍ കണ്ട്രാ ശവ്യോളേ തൂറ്റ നോകിയേം ,സാംസങ്ങും ഒന്നുല്ല പ്രേംനസീറിന്റെ ചുവയില്‍ ആന്റപ്പന്‍ പറഞ്ഞു .ആ ..ഐ..ഫോണ്‍.!!!
ആ... ആ..ആപ്പിള്‍ ഐ..ഫോണ്‍...!!!
ഐ ഫോണുകള്‍ ഇന്ത്യയില്‍ ഇന്ത്യയില്‍ ഇറങ്ങിത്തുടങ്ങുന്നെ ഉള്ളു . അപ്പോളാണ് ആന്റപ്പന്റെ കയ്യില്‍ ഐ ഫോണ്‍ . കള്ളിന്റെ കാശു കൊടുക്കുന്നത് ആന്റപ്പ നായതു കൊണ്ട് , കുശുമ്പൊക്കെ ഉള്ളിലൊതുക്കി കോക്കാന്‍ ഒരുഗ്രന്‍ കയ്യടി പാസാക്കി. ആന്റപ്പന്റെ ഐ ക്ലിക്കുകളെ കൊണ്ട്  ആ കള്ളുകുടി പൊടി പൊടിച്ചു . ആദ്യത്തെ സിപ്പില്‍ തന്നെ വിഷു പ്രമാണിച്ചുള്ള പഞ്ചാര പച്ചവെള്ളം മിക്സ്‌ ആണ്  കള്ളെന്നു മനസ്സിലായപ്പോ ഞാന്‍ സുല്ലിട്ടു . ഞാന്‍ പറഞ്ഞു ഇത് പണി കിട്ടാനാ .
ഞാന്‍ വോഡ്ക അടിച്ചോളാം നിക്ക് മതി ഗഡീ .
സിന്റപ്പന്‍ ഒരു ഗ്ലാസ്‌ കുടിച്ചു നിര്‍ത്തി . ശ്രീ 3  ഗ്ലാസ്‌ .
ആന്റപ്പന്‍ പറഞ്ഞു നല്ല മധുരക്കള്ള്  എന്തുട്രാ ശവ്യോളേ നിങ്ങളീ പറേണേ. ആരടിച്ചില്ലെലും ഞാന്‍ അടിക്കും .
പണി കിട്ടണ്ട്രാ ചെക്കാ ഷഡഡി ഇടാന്‍ കൊത്യാവുട്ടാ !!!
തടുത്താല്‍ നിക്കില്ല .!!!
എന്റെ വാണിംഗ്  കേള്‍ക്കാതെ ആന്റപ്പന്‍ ഇരുന്ന ഇരിപ്പിന്  മൂന്നു കുപ്പി കള്ളും അകത്താക്കി .
ചേട്ടാ ഒരു ക്ലാസ്സ്‌  കള്ളുടി പോരട്ടെ .
പിന്നല്ലേ വയറിളകുവാണേല്‍ അതൊന്നു കാണണം . വാശിക്ക്  ഒരു ഗ്ലാസൂടെ പെടച്ചു .
എന്നിട്ട് എല്ലാ കുടിയന്മാരെയും പോലെ എണീറ്റ്‌ നിന്ന് പറഞ്ഞു
" I am perfectly  all  right "  !!! വണ്ടി എടുക്ക്രാ ശ്രീധരാ ...!!!
കടപ്പുറത്ത്  വിഷുത്തിരക്കായിരുന്നു ജനനിബിഡം മനുഷ്യ സമുദ്രം കടലിനെ മറച്ചു നിന്നു.
ആളുകള്‍ കടലില്‍ ചാടുകയും തിരക്കൊപ്പം ഒഴുകി നീങ്ങുകയും ചെയ്തുകൊണ്ടിരുന്നു .
വിഷു പ്രമാണിച്ച്  കടല് കാണാന്‍ എത്തിയ ഫാമിലികളായിരുന്നു ഏറിയ കൂറും
കടപ്പുറത്ത്  ഇറങ്ങിയപ്പോ മുതല്‍ ആന്‍റപ്പന്  ഒരു പരവശം .വാശി കാണിച്ചതല്ലേ പരവശം പുറത്തു കാണിക്കാതെ ആന്റപ്പന്‍ ഐ ക്ലിക്ക് തുടങ്ങി .
ഐ കടല്‍ , ഐ തിരമാല ,ഐ വഞ്ചി ...ഐ ....ഐ .... അളിയാആആആആആ ...!!!
മൂന്നാമത്തെ ക്ലിക്കു കഴിഞ്ഞപ്പോ ആന്റപ്പന്‍ പറഞ്ഞു "അളിയാ പണിയായി തോന്നുന്നു വയറ്റിലാകെ ഗുള് ഗുളു."
പ്രശ്നമാകും മുന്‍പ് വേഗം പണിപറ്റിക്കണം
ആന്റപ്പന്റെ പരവശം കണ്ടു ഞങള്‍ക്ക്  ചിരി പൊട്ടി  .അപ്പളെ പറഞ്ഞതാ ശവ്യോട്  ഇപ്പൊ എന്തായി  വേണ്ടാത്ത പണിക്കു നിക്കുമ്പോ ആലോചിക്കണം മൈ##@@  !!!
സിന്റപ്പന്‍ ഇത്തിരി മസാല ചേര്‍ത്തു .!!!
ഡാ അളിയാ എന്ത് ചെയ്യും കടപ്പുറത്ത് ഇത്രേം തിരക്കുണ്ടാവും നു വിചാരിച്ചില്ലഡാ.
ഇനി ഒന്നും നോക്കണ്ട ചാടിക്കോ ആ പറമ്പിലേക്ക്  അപ്പുറത്തെ ആളൊഴിഞ്ഞ പറമ്പ് ചൂണ്ടി ഞാന്‍ പറഞ്ഞു
കസവ് മുണ്ട് കയറ്റിക്കുത്തിയതും ,ചാടിയതും സംഗതി നടത്തിയതും ടപ്പെന്നനെ ആയിരുന്നു .
ആ ചാട്ടം ഒളിമ്പിക്സിനു ചാടിയാല്‍  റെക്കോര്‍ഡ്‌  സ്വര്‍ണം കിട്ടിയേനെ .
 ഒരു നീണ്ട നെടുവീര്‍പിട്ടു ശ്രീധരന്‍ പറഞ്ഞു "മല തടുക്കാം പക്ഷെ മലം"
 ആ ഡയലോഗിനൊപ്പം ശ്രീധരന്റെ ഒരു കുഞ്ഞു അട്ടഹാസം പുറത്തു ചാടി .
ബുഹഹഹഹ .!!!
അഞ്ചു മിനിട്ടിനു ശേഷം ആന്റപ്പന്‍ മതില് ചാടി ഇപ്പറം വന്നു
എന്തയെടാ സംഗതി ശരിയായാ ? കോക്കാന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു ! ആന്റപ്പന്  വോയിസ്‌  ഇല്ലാത്തതു കൊണ്ട്  വളരെ മാന്യമായി കഴിഞ്ഞു എന്ന അര്‍ത്ഥത്തില്‍ തലയാട്ടി .
ഒരു നിര്‍വാണം കിട്ടിയ സന്തോഷം ആന്റപ്പന്റെ മുഖത്ത് ഭാഗീകമായി തുള്ളിക്കളിച്ചു
ഇതൊന്നു കഴുകണം എന്ത് ചെയ്യും ?
നീ വാ ...!!! കടലല്ലേ മുന്നില്‍ അറബിക്കടലിനെ ചൂണ്ടി സിന്റപ്പന്‍ പറഞ്ഞു ..!!!
സംഗതി സാധിച്ചു കടപ്പുറത്ത് വന്നപ്പോ ജനത്തിരക്ക്  ഇരട്ടി ആയിരുന്നു ഒരു ഇടം പോലും ഇല്ല എല്ലായിടത്തും ജനം .
ഞങ്ങള്‍ ജനം കുറവുള്ള സ്ഥലം നോക്കി കുറച്ചു മുന്‍പോട്ടു നടന്നു.  താറാവു നടക്കുംപോലെ വേച്ചു വേച്ച് ആന്റപ്പന്‍ ഞങള്‍ക്കൊപ്പവും .
എല്ലായിടത്തും ആളുകള്‍ ആണ് ഒരു രക്ഷയും ഇല്ല എന്ത് ചെയ്യും ???പകുതി ചിരിച്ചും പകുതി പറഞ്ഞും ഞാന്‍ ചോദിച്ചു .
ആന്റപ്പന്‍ ചുറ്റിലും നോക്കി  നാലോ അഞ്ചോ ഫാമിലികള്‍ ചുറ്റിലും ഉണ്ട്  .
ഹും ഒരു ഐഡിയ കാണിക്കാം  നിങ്ങള്‍ ഇവിടെ നില്‍ക്ക് ഞങളെ കരക്കിരുത്തി ആന്റപ്പന്‍ പതുക്കെ കടലിനെ ലക്ഷ്യമാക്കി നീങ്ങി .
തിര വന്നു കാലില്‍ തട്ടുന്ന അത്രയും ദൂരം നടന്നു പതുക്കെ നിന്നു .
അടുത്ത തിര കാലില്‍ വന്നു തട്ടി . ആന്റപ്പന്‍ കുറച്ചു കൂടി മുന്‍പോട്ടു നടന്നു രണ്ടാമത്തെ തിര ആന്റപ്പനെ കടന്നു പോയി .
ആന്റപ്പന്‍ തിരയേയും ഞങ്ങളെയും ചുറ്റുവട്ടവും മാറി മാറി നോക്കി .ആന്റപ്പന്റെ മുഖത്തു പല കണക്കുകൂട്ടലുകളും മിന്നിമറഞ്ഞു.
അടുത്ത തിര വന്നു ആന്റപ്പനെ യും കടന്നു ഞങളുടെ അടുത്ത് വരെ എത്തി .
അടുത്ത തിരവന്നതും ആന്റപ്പന്‍ മുണ്ട് മടക്കികുത്തിയതും കൈ പുറകു വശത്തേക്ക് കൊണ്ടുപോയതും പെട്ടന്നായിരുന്നു .
എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു ആ നശിച്ച തിര ആന്റപ്പന്റെ മുന്‍പില്‍ വന്നു കോക്രികാണിച്ച്  ഒരൊറ്റ പോക്ക് .
കടപ്പുറത്തെ ജന സാഗരം മുഴുക്കന്‍ കണ്കുളിര്‍ക്കെ കണ്ടു ആന്റപ്പന്റെ ' ശുഷ്ക്കാന്തി '
പിന്നെ ആന്റപ്പന്‍ ഒന്നും വകവെച്ചില്ല ജീവനുംകൊണ്ട് നേരെ കടലിലേക്ക്‌ എടുത്തു ചാടി .
ഐ ഫോണും .
ഐ കാര്‍ഡും .
ഐ ആന്റപ്പനും
ഐ കടലില്‍ ..!!!

*****
ഐ ശുഭം


ഗുണപാഠം : "അഹങ്കാരം കാണിച്ചാല്‍ മലത്തില്‍ നിന്ന് വരെ പണി കിട്ടും"


ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രം 
മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയി ഇതിനു ഒരു ബന്ധവും ഇല്ല 
അങ്ങിനെ തോനുന്നു എങ്കില്‍ അത് സ്വാഭാവികം മാത്രം

Sunday

ഗുല്‍മോഹര്‍














ആകാശത്തിന്  തീ പിടിച്ച പോലെ പൂത്തുലഞ്ഞ് ഗുല്‍മോഹര്‍ ശാഖകളും ഉപശാഖകളുമായി
ആ കൊച്ചു വീടിനെ മെട്രോ നഗരത്തിന്റെ തിരക്കുകളില്‍ നിന്നും ഒളിപ്പിച്ചു നിര്‍ത്തി.
വീട്ടിലേക്കുള്ള  ഇടുങ്ങിയ വഴിനിറയെ  ചുവന്ന പൂക്കള്‍ വീണു കിടന്നിരുന്നു ,
ചുവന്ന ചേല വാരിച്ചുറ്റിയ പെണ്കൊടിയെപ്പോലെ  ഗുല്‍മോഹര്‍ പൂക്കളില്‍ കുളിച്ചു വഴി നീണ്ടു നിവര്‍ന്നു കിടന്നു.
' ഈ വീട് സാമാന്യം നല്ലതാണെന്ന്  തോനുന്നു ', 'രണ്ടു മുറികള്‍ ഇവിടെ വാടകക്കുണ്ട്  എന്നാണ് പറയുന്നത്' ഇത് തന്നെ നോക്കിയാലോ ?
ഗുല്‍മോഹര്‍ മരത്തെ വല്ലാത്ത ഭീതിയോടെ തുറിച്ചു നോക്കികൊണ്ടിരുന്നു   ജോണിനോട് ഞാന്‍ ചോദിച്ചു.
നീണ്ട  മൗനം മാത്രമായിരുന്നു മറുപടി
'ജാക്സണ്‍ നിനക്കെന്താണ് തോനുന്നത് ' ?
ജോണില്‍ നിന്ന് മറുപടി ഇല്ല എന്ന്  ഉറപ്പായപ്പോള്‍ ഞാന്‍ ജാക്സനോട് ചോദിച്ചു ?
'തിരക്കുപിടിച്ച കൊച്ചിയുടെ മധ്യത്തില്‍ ഇങ്ങനെ ശാന്തമായ സ്ഥലമോ '? 'ഞാന്‍ ആ അദ്ബുതം ആസ്വദിക്കുകയായിരുന്നു'
'നീ പഠിക്കാന്‍ വന്നിട്ട്  കവിതയെഴുത്തിലേക്ക് തിരിഞ്ഞു പോകുമോ എന്ന ഭയമേ എനിക്കുള്ളൂ '.!
'Am  i  right  സുദീ '?
'ഒരിക്കലും ഒരു ചോദ്യത്തിനുള്ള ഉത്തരം മറ്റൊരു ചോദ്യമല്ല  എന്റെ പതിനഞ്ചു  ദിവസങ്ങള്‍ അത്  എങ്ങനെ എങ്കിലും ഒക്കെ തീര്‍ന്നു കൊള്ളും ജാക്സാ നീ അതിനെക്കുറിച്ച്  ആവലാതിപ്പെടാതെ' .
'ജോണ്‍ നീ എന്തുപറയുന്നു ഈ വീട് ഓക്കേ അല്ലെ' ? ഞാന്‍ ഒരിക്കല്‍ കൂടി  ജോണിനോട്‌   ചോദിച്ചു?
ഏതോ ചിന്തയില്‍ നിന്നും പെട്ടന്ന് മടങ്ങി വന്നു ജോണ്‍ മുരടനക്കി
'കൊള്ളം എനിക്കും ഇഷ്ടപ്പെട്ടു' .!
"ഈ മരം ഇവിടെ നിന്നും മുറിച്ചു  മാറ്റണം ...!!!!  വല്ലാത്ത ഭീതിയുടെ ചിത്രം കൊടുക്കുന്നു ഈ ചുവന്ന പൂക്കള്‍ ഒരു വല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നു.
ആകാശത്തിന്റെ മൗനം , വേദന , ചുവന്ന പൂക്കള്‍
തീപിടിച്ച ആകാശം പോലെ   , 
ഈ മരം വെട്ടിക്കളയണം ..!!! പക്ഷെ മരം ഒരു വരം അല്ലെ "...!!! 
പരസ്പര ബന്ധ മില്ലാത്ത കുറച്ചു  വാക്കുകള്‍ കൂടി പറഞ്ഞു 
ജോണ്‍ അവന്റെ  ശ്യൂന്യതയിലേക്ക് തന്നെ തിരച്ചു പോയി
' പതിനഞ്ചു  ദിവസം കൂടി കഴിഞ്ഞാല്‍  ഞാന്‍ തിരിച്ചു പോകും
നിങ്ങളാണ് ഇവിടെ താമസിക്കാന്‍ പോകുന്നത് നിങ്ങളുടെ തീരുമാനം ഇത് തന്നെ മതി എന്നാണെങ്കില്‍ ഈ ചോരയടര്‍ന്നു വീഴുന്ന ആകാശത്തിന്  താഴെ നമുക്കൊരു കൂടൊരുക്കാം'
'Done സുദി ,ഞാന്‍ ഒരുക്കമാണ് 'ജാക്ക്സണ്‍ പറഞ്ഞു.
ജോണ്‍ മറുത്തൊന്നും പറഞ്ഞില്ല സമ്മതമെന്ന മട്ടില്‍ തല യിളക്കുക മാത്രം ചെയ്തു .

***
ഹാശിഷിന്റെ കറുത്ത ഗോലികള്‍ ചൂടാക്കി പൊടിക്കുമ്പോള്‍  ഞാന്‍  പറഞ്ഞു .
'ജാക്സന്‍  പോയിട്ട്  മൂന്നു ദിവസമായി '!
'ഉം' .... ഒരു മൂളലില്‍ ഒതുങ്ങി ജോണിന്റെ ഉത്തരം .അവന്‍ ഹാശിഷ്  നിറക്കുന്ന തിരക്കിലായിരുന്നു  .!!!
എത്ര ലാഘവത്തോടു   കൂടിയാണ്  ജോണ്‍ ഹാശിഷ് നിറച്ച സിഗരറ്റുകള്‍  ഉണ്ടാക്കുന്നത്‌ . വലതു കൈക്കൊണ്ടു  കടലാസില്‍ പൊടിച്ചിട്ട ഹാശിഷ്  പുകയിലയുമായി മിക്സ്  ചെയ്തു ,ഇടതു കയ്യില്‍ നിവര്‍ത്തി പിടിച്ചിരിക്കുന്ന   റിസ് ല  പേപ്പെറിലേക്ക്  ഒരു മായാജാലക്കാരന്റെ കയ്യടക്കത്തോടെ  ഹാശിഷ് -പുകയില  മിശ്രിതം  നിറച്ച് , പതിയെ ചുരുട്ടി  പേപ്പറിന്റെ  സൈഡില്‍ നാക്ക് കൊണ്ട്  നനച്ചു ഒട്ടിക്കുന്നു   !!
രണ്ടു സിഗരെറ്റ്‌  സെറ്റ് ചെയ്തു കഴിഞ്ഞപ്പോള്‍ ജോണ്‍ എന്നോട്  ചോദിച്ചു .'ഇനിയും വേണോഡാ ?'
'this is enough  Bro ' ...!! 'ഈ രാത്രി വെളുപ്പിക്കാന്‍  രണ്ടെണ്ണം ധാരാളം' !!!
'ജോണ്‍ നീ കഴിഞ്ഞ 19 വര്‍ഷവും  ഹാശിഷ്  നിറച്ചു  കൊണ്ടിരിക്കുകയായിരുന്നോ ?
നിന്റെ കയ്യടക്കം കണ്ടപ്പോളുള്ള അസൂയയില്‍ ചോദിച്ചു പോയതാണ് '.
ഹാശിഷ്  നിറച്ച സിഗരെറ്റ്‌  എനിക്ക്  നീട്ടിക്കൊണ്ട്  ജോണ്‍ പറഞ്ഞു !
'19 കൊല്ലം മാത്രമല്ല  സുദീ...  11 മാസം കൂടി ഉണ്ട്  ഗര്‍ഭപാത്രത്തിലെ തുടങ്ങി '.!!!

കഴിഞ്ഞ മാസം ജാക്സന്‍ നാടിലേക്ക്  വന്നപ്പോളാണ് ജോണിനെ ഞാന്‍ പരിചയപ്പെടുന്നത് , ആ  കണ്ടുമുട്ടലിന്റെ  അന്ന് തന്നെ ആയിരുന്നു  ജോണിന്റെ 19 ആം  ജന്മദിനവും .മെഴുകുതിരിക്കു പകരം നക്ഷത്രങ്ങളെ  ഊതിയണക്കാന്‍  പരിശ്രമിച്ച  ആ  രാത്രിയുടെ ഓര്‍മ്മയ്ക്ക്‌ ,ഹോസ്റ്റല്‍  ബില്‍ഡി ങ്ങിന്റെ  മുകളില്‍ മാനം നോക്കി മലര്‍ന്നു കിടന്നു പാടിയ പാട്ടുകളിലൊന്ന് ഞാന്‍  പതിയെ മൂളി .
 
बने  चाहे  दुश्मन  ज़माना  हमारा   
सलामत  रहे  दोस्ताना  हमारा
बने चाहे दुश्मन ज़माना हमारा
सलामत रहे दोस्ताना हमारा
सलामत रहे दोस्ताना हमारा

സിഗറെറ്റും കയ്യിലേന്തി ഞാന്‍ ബാല്‍ക്കണിയിലേക്ക്  നടന്നു
ബാല്‍ക്കണിയില്‍ വെയില്‍ അരിച്ചരിച്ചു വന്നുകൊണ്ടിരുന്നു  .
മഴമേഘങ്ങള്‍  സൂര്യന് മായി കള്ളനും പോലീസും കളിച്ചു വെയിലിനെ നുകര്‍ന്നും പകര്‍ന്നും കുസൃതികാണിച്ചു.
'വാ നമുക്കവടെയിരിക്കാം'  !!!
തലേദിവസം രാത്രി മദ്യപിക്കാന്‍ കൊണ്ടുവന്നിട്ട  കസേരകളെ ചൂണ്ടി  ഞാന്‍ പറഞ്ഞു . 
രാത്രി മഴയില്‍ നനഞ്ഞു കുതിര്‍ന്ന   പരേതാത്മാക്കളെ പ്പോലെ   നരച്ച ചുവപ്പുള്ള രണ്ടുകസേരകള്‍  തലേന്നത്തെ   രസം കൊല്ലി മഴയെ ഓര്‍മ്മിപ്പിച്ചു  അനാഥരായി കിടന്നിരുന്നു .
ഞാന്‍ കസേര  ഗുല്‍മോഹറിനഭിമുഖമായി  തിരിച്ചിട്ടു  കസാരയിലേക്ക്  അമര്‍ന്നു
കസേരയില്‍ പറ്റിപ്പിടിച്ചിരുന്ന മഴത്തുള്ളികള്‍ ചന്തിയിലേക്ക്  നനവ് പടര്‍ത്തി ഇക്കിളിയാക്കി .
ഹാഷിഷിനു  തീ കൊളുത്തി ഞാന്‍ ആഞ്ഞൊരു പുകയെടുത്തു 
ജോണ്‍ അവന്റെ കയ്യിലെ സിഗരറ്റിനു തീ  കൊളുത്താന്‍ ഒരുങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു  !
'വേണ്ട  ജോണ്‍' ! 'അത് കത്തിക്കണ്ട'  ! 'ഇപ്പൊ ഇത് ഷെയര്‍ ചെയ്യാം ,ഇത് കഴിഞ്ഞിട്ടാകാം അടുത്തത് '.
ഒന്നാലോചിച്ചു  അവന്‍ ആ സിഗരെട്ടു  പോക്കറ്റിലേക്കു തന്നെ മടക്കി.
അവന്റെ ഊഴത്തിനായി ആകാംക്ഷയോടെ എന്റെ വലിയും നോക്കിയിരുന്നു .
രണ്ടു കാക്കകള്‍ എവിടെ നിന്നോ ഗുല്‍മോഹറിന്റെ ചില്ലയില്‍ വന്നിരുന്നു, ആ ചോരമരത്തിന്റെ ചില്ല്ലയൊന്നിളകിയപ്പോള്‍ മുറ്റത്തെ ച്ചുകപ്പിനു വീണ്ടും കനംവച്ചു  ഒരു കാക്ക ചാഞ്ഞും ചരിഞ്ഞും ഞങ്ങളെ നോക്കി ഉറക്കെ കരഞ്ഞു .
കാക്കയുടെ  അസ്ഥാനത്തുള്ള  കരച്ചില്‍ കേട്ട്  ജോണ്‍ പറഞ്ഞു   'സുദീ കാക്ക കരയുന്നു ,വിരുന്നുകാരാനുള്ള വിളിയാ '  , ഇനിയിപ്പോ ജാക്സന് കൂടി സെറ്റ് ചെയ്യേണ്ടി വരുമോ ? '
'ജോണേ ഞാനതു പറയാന്‍ വിട്ടു ഇന്നലെ ജാക്സണ്‍ വിളിച്ചിരുന്നു  രണ്ടു ദിവസം കൂടി കഴിയും എന്നാ പറഞ്ഞത് ' .
എന്തോ ഡിലേ ഉണ്ട്  വന്നിട്ട് പറയാം എന്ന് പറഞ്ഞു അവന്‍ വേഗം ഫോണ്‍ വച്ചു .
ഓഹോ നശിച്ച കാക്കകള്‍ !! ഇത്രയും പറഞ്ഞു ജോണ്‍ കാക്കകളെ ആടിയോടിച്ചു. കാക്കകളുടെ ഇളക്കത്തില്‍ കുറച്ചു പൂക്കള്‍ കൂടി മുറ്റത്തേക്ക് അടര്‍ന്നു വീണു.
പെട്ടന്ന്  ഒരു കാകിവേഷധാരി ഞങളുടെ ഗേറ്റ് തുറന്നു അകത്തേക്ക് കയറി.
അയാളുടെ  കാല്‍ച്ചുവട്ടില്‍  ഗുല്‍മോഹര്‍ പൂക്കള്‍ നെരിഞ്ഞമര്‍ന്നു.            
( തുടരും )

Wednesday

ഒരു പുതുമയില്ലെടാ പഴയ ജീവികള്‍ തന്നെ പുതിയതിലും..!!!

ഏതു സിനിമ വന്നാലും റിലീസ് ദിവസം തന്നെ പോയി കാണുന്നത് ക്യാമ്പസ്‌ കാലത്തെ ഒരു ഹോബിയായിരുന്നു ഞാന്‍ ,ആന്റപ്പന്‍, കൊക്കാന്‍ ,ഗിരിമാമന്‍ ഇതായിരുന്നു ഞങ്ങടെ സിനിമ  ടീം .ഇടയ്ക്കു വലിഞ്ഞു കയറി രാജപ്പനും വരാറുണ്ട് .
ആന്റപ്പന്  കള്ളും,കഞ്ചാവും ,സിനിമയും നിഷിദ്ധമാണ് ( പള്ളിയും  പട്ടക്കാരും കണ്ടാല്‍ കൊന്നു കുഴിച്ചുമൂടി കുരിശു നാട്ടും ) അതുകൊണ്ടാണെന്നു തോനുന്നു ആന്റപ്പന്‍ മൂന്നിനും മുന്‍പന്തിയിലായിരുന്നു ,ചെകുത്താന്‍ കയറിയ ഞാന്‍ അല്ലെ കൂടെ പിന്നെങ്ങനെ സ്വര്‍ഗരാജ്യം വരും !
അടുത്തടുത്ത ദിവസങ്ങളിലായി  "പറക്കും തളികയും , മമ്മി 2nd  ഉം റിലീസ് ആയി കാലത്തുള്ള ഷോ പറക്കും തളിക , മാറ്റിനീ ക്ക് മമ്മി ഇതായിരുന്നു പ്ലാന്‍ പറക്കും തളിക കണ്ടു നേരെ ഇറങ്ങി ഓടി മമ്മി കാണാന്‍ .
തിയ്യറ്ററില്‍ അടിയോടടി ,ബ്രെണ്ടന്‍ ഫ്രെസര്‍ക്ക്  ഇത്രയും ആരാധകരോ അതും ഇമ്മടെ തൃശ്ശൂരില്‍ ...! ഞാന്‍ മൂക്കത്ത് വിരല്‍ വച്ച് സിനിമാ പോസ്റ്റെരിലേക്ക് നോക്കി അഷ്ടിക്കു വകയില്ലാത്ത രണ്ടു സ്ത്രീകള്‍ ചെമ്മീന്‍ വല പോലെ ഉള്ള ഉടുപ്പും ഇട്ടു യുദ്ധത്തിനു  നില്‍ക്കുന്നു ,  ' വല്ല മുലക്കഷണമോ  ചന്തിയുടെ തുണ്ടോ ' കിട്ടിയാലോ എന്ന ചിന്തയില്‍ തന്നെ അമ്മച്ചി തിരുമ്പി വന്താചിനു ഇത്ര തിരക്ക് .!!!  വരിയില്‍ നിന്ന് ശ്വാസം മുട്ടി ഗിരിമാമനും കോക്കാനും ടിക്കെറ്റെടുക്കാന്‍ നിന്നു ഞാനും ആന്റപ്പനും നമ്മള്‍ രണ്ടു വഴിപ്പോക്കര്‍ നമ്മള്‍ക്ക്  ലവനേം അറിയില്ല ലവളേം അറിയില്ലെന്ന് പറഞ്ഞു കപ്പലണ്ടി വാങ്ങാന്‍ പോയി, പറക്കും തളികക്ക് ടിക്കറ്റ്‌ എടുത്തതിന്റെ പ്രിവിലേജു . സിനിമ കണ്ടു കിടിലന്‍ പടം ഒന്നാം ഭാഗത്തിന്റെ  കുറെ ഗുട്ടന്‍സ് പിടി കിട്ടിയത്  രണ്ടാം ഭാഗം കണ്ടപ്പോളാണ്  ആബാല വൃദ്ധം ജനങ്ങള്‍ക്കും കുളിരായി രണ്ടു നാരീജനങ്ങളുടെ മുലയിളക്കി പയറ്റും സിനിമയില്‍ ഉണ്ടായിരുന്നു . ആര്‍പ്പുവിളികളോടെ ആണ് ജനം ആ സീനുകള്‍ ആസ്വദിച്ചത് (ഇത്തരം ആസ്വാദനത്തില്‍ മലയാളിയെ വെല്ലാന്‍ ആരുണ്ട്‌ ) 
ഇറങ്ങാന്‍ നേരം കൊക്കാന്‍ പറഞ്ഞു ഇന്നേ വന്നത് നന്നായി !
അതെന്തേ ഗഡീ ? ഞാന്‍  ചോദിച്ചു  ,
ഇടികൊണ്ട്‌ സിനിമ കാണുന്ന ത്രില്ലണോ അളിയാ ? 
പോടെ ആ അമ്മ ,മകള്‍ പയറ്റു അവന്മാര്‍ ഇന്ന് തന്നെ കട്ട് ചെയ്യും ആ സീന്‍ മിസ്സായേനെ....!!!

അടുത്ത ദിവസം കോളേജില്‍ ഹാജരാകെണ്ടിയിരുന്നു
മൂര്‍ത്തിയുടെ സ്പെഷ്യല്‍ ക്ലാസ്സ്‌ 
ക്ലാസ്സില്‍ കയറാറില്ലെങ്കിലും ക്ലസുണ്ടെന്നറിഞ്ഞാല്‍ കാമ്പുസ് പരിസരത്തു  ചുറ്റി നടക്കുക ,മറ്റു ക്ലാസുകളിലെ സ്പെഷ്യല്‍ ക്ലാസ്സുകാരികളുമായി അല്പം പഞ്ചാരയടിക്കുക ,പിന്നെ മാമന്റെ കടയിലെ കൂട്ടം കൂടിയ ബീടിവലിയും ചായ കുടിയും ഇതിനൊക്കെ ഇത്രയും സൌകര്യമായി കിട്ടുന്ന വേറെ ദിവസമില്ല  അതുകൊണ്ട് ക്ലാസ്സുണ്ടെന്നു കേട്ടാല്‍ കോളേജില്‍ എത്താറുണ്ട് (നിശബ്ദമായി നടക്കുന്ന ചില ക്യാമ്പസ്‌ പ്രണയങ്ങളിലെ നായകനും നായികക്കും  ഒരു ദിവസം നഷ്ടപ്പെടാതെ  കിട്ടും ശനിയും ഞായറും  പ്രണയത്തിനിടക്ക്  വരുന്ന രണ്ട് നശിച്ച ദിവസങ്ങളാണ് അതിലൊരു ദിവസം കുറയുന്നത് ചിലരൊക്കെ (ആരാണെന് പറയില്ല വേണേല്‍ തുപ്പിക്കാണിക്കാം) നിശബ്ദമായി  ആസ്വദിച്ചിരുന്നു) 
മൂര്‍ത്തിയും ഇന്ദ്രാനിയും ശ്വാസം മുട്ടിച്ചു ക്ലാസ്സെടുത്തു , ക്ലാസ്സിലിരുന്നു കൂര്‍ക്കം വലിച്ചതിന് എന്നെയും ആന്റപ്പനെയും ഇന്ദ്രാണി പുറത്താക്കി പ്രായത്തെ മാനിച്ചു ഗിരിമാമന്റെ കൂര്‍ക്കം വലി ഇന്ദ്രാണി  ശ്രദ്ധിച്ചില്ല , ഗിരിമാമന്റെ ഒച്ച കൂടുമ്പോള്‍   ഒരു തട്ട് കൊടുക്കാന്‍ കോക്കാനെ ഏല്‍പ്പിച്ചത് കൊണ്ട് കോക്കാന്‍    ത്രിശങ്കു  സ്വര്‍ഗത്തിലായി  ഫിസിക്സ്‌നും  മാമന്റെ കൂര്‍ക്കം  വലിക്കും നടുക്ക് കോക്കാന്‍ കുടുങ്ങിക്കിടന്നു .
ഉച്ചയാകുംപോളെക്കും ഞാനും ആന്റപ്പനും ഷാപ്പില്‍ പോയി മിനുങ്ങി വന്നു
അരമതിലില്‍ ഇരിപ്പുറപ്പിച്ചു
ഷാപ്പില്‍ കൂട്ടാതെ പോയതിനു ,ഗിരി  മാമന്‍  പിണങ്ങിപ്പോയി .
സഹപാഠികള്‍  കൂട്ടം കൂട്ടമായി വന്നുകൊണ്ടിരുന്നു
സങ്കു  മങ്കു ടീം , അതിനുപിന്നില്‍  ആഷുമോന്‍ .എല്ലാരേം തെളിച്ചു കോക്കാന്‍.
ഞാന്‍  ആശുമോനോട് പറഞ്ഞു , ആഷുമോനെ ഇന്നത്തെ ക്ലാസ്സിന്റെ നോട്സ്  ഞങ്ങക്കും വേണം .! നീ ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കണേ ഞങ്ങളിപ്പം വരാം .!
കുന്ദംകുളത്തുന്നു  കോപ്പി  എടുത്തു മസാലദോശയും കഴിച്ചു പിരിയാം .
ഫിറ്റായിട്ടോ എന്തോ ? ആന്റപ്പന്‍ പറഞ്ഞു മസാല ദോശ എന്റെ വക 
ഈശോ യെ  ഇന്ന് ഉരുള്‍ പൊട്ടലുണ്ടായത് തന്നെ .! മസാല ദോശ മേടിക്കുന്നത്  ആന്റപ്പന്‍ അതും ആഷുമോന് കഴിക്കാന്‍!!! ഹോ ! ശിവ , ശിവ കലികാലം .
എന്റെ ഗദ്ഗദം കേട്ട് ആന്റപ്പന്‍ പറഞ്ഞു ...എന്താടാ നായാടി ...!!!
ഇന്നാള് ഞാന്‍ മുട്ടറോസ്റ്റും പൊറോട്ടയും വാങ്ങിച്ചുതന്നില്ലേ ?
എന്നാള് ?
അന്ന് നമ്മടെ പി .ഡി .സി .ടൂര്‍ കഴിഞ്ഞു വന്നപ്പോ !!!
 ഹോ.! അത് ശരിയാ നീ വാങ്ങിച്ചു തന്ന പൊറോട്ട അതെനിക്കിപ്പളും ഓര്മ ഉണ്ട് . അതായിരുന്നു ഈ അഞ്ചു കൊല്ലത്തിനിടയിലെ ആദ്യത്തെയും അവസാനത്തെയും പൊറോട്ട..!!! നീ  രാജപ്പനെപ്പോലെ ആകാന്‍ ശ്രമിക്കരുത് !!!
ഞാനൊന്നു നെടുവീര്‍പ്പിട്ടു കോക്കാനെ നോക്കി !
ഹോ ആ പൊറോട്ടയുടെ പ്രേതം എന്റെ പതിനാറാം അടിയന്തിരത്തിനും എന്നെ വിട്ടു പോകുമെന്ന്  തോനുന്നില്ല  ഏതു കഷ്ടകാലത്തിനാണാവോ ഞാന്‍ 
രാജപ്പന്‍ വാങ്ങിത്തന്ന പൊറോട്ട തിന്നത് . കോക്കാന്‍  തലയില്‍   കൈ വച്ച് പറഞ്ഞു
ഞാന്‍ പറഞ്ഞു ,ആന്റപ്പാ ആഷുമോന്‍ പോയാല്‍ നോട്ട് കിട്ടില്ല . നീ വാ,
സങ്കു , മങ്കു ടീമിനൊപ്പം അവന്‍ പോകും , അവന്‍. നമ്മളെ കാത്തു നില്‍ക്കാനൊന്നും പോണില്ല .നിന്റെ മസാല ദോശ കൊണ്ടൊന്നും വീഴുന്ന സൈസ് അല്ല ആഷുമോന്‍.!! നീ വാ ..!
ഞങ്ങള്‍ ബസ്‌ സ്റ്റോപ്പില്‍ എത്തുമ്പോള്‍ ആഷുമോന്‍ ബസ്സില്‍ കയറുന്നു ഞങള്‍ പറന്നു ബസ്സില്‍  തൂങ്ങിക്കൂടി . ബാക്ക് സീറ്റില്‍ ഇരിപ്പുറപ്പിച്ചു .
ബോറടി മാറാന്‍ "പറക്കും തളിക"യിലെ  നാല് വളിപ്പ് കാച്ചാം നു കരുതി 
"പറക്കും തളിക" നു പറഞ്ഞതും 
ദേ കിടക്കണ് സവാള വട !!!  ആശുമോനറെ കമന്റു 
ബിറ്റ്സ് കമ്പ്യൂട്ടര്‍ സെന്‍റെര്‍ ഇല്‍ നിന്ന് അവന്‍ ഇതിനകം  പറക്കും തളിക കണ്ടു .
അമ്മേ....!!!! എന്ന ഭാവത്തില്‍ ഞാനും ആന്റപ്പനും കോക്കാനും പരസ്പരം നോക്കി .
ഇത് കുറെ നാളായി ഇന്നൊരു പണി കൊടുത്തിട്ട്  തന്നെ .
മസാല ദോശ വേണ്ടെന്നു വെച്ചവനാണിവന്‍ അതും ആന്റപ്പന്‍ ഓഫര്‍ ചെയ്ത മസാല ദോശ
പറയടാ പറക്കും തളികയില്‍ എന്താ കഥ ?
ഞാന്‍ ആശുമോനോട് ചോദിച്ചു . ഓര്‍ക്കാപ്പുറത്തുള്ള  ഒരു ചോദ്യം അതും എന്റെ ഭാഗത്തുനിന്നു  ആശുമോന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ! എന്നും അവന്റെ പൊളികളെ നിശബ്ദമായി  കേട്ടിരിക്കാറെ ഉള്ളൂ  ഞാന്‍.
ഒരുപക്ഷെ  കള്ളിന്റെ ലഹരിയും പറക്കും തളിക കാണാന്‍ പോയപ്പോ കിട്ടിയ  ഇടിയും ഓര്‍താകാം അങ്ങനെ ഒരു ചോദ്യം ചോദിച്ചത് .
അക്കിടി പറ്റിയത് പുറത്തുകാണിക്കാതെ ആശുമോന്‍ പറഞ്ഞു 
പ്രത്യേകിച്ചൊന്നുമില്ലടെ ഒരു  ബസ്സ്‌  അങ്ങോട്ടും  ഇങ്ങോട്ടും ഓടുന്നു !!!
ഓഹോ എന്നിട്ട്  കൊക്കാനും കൂട്ട് പിടിച്ചു .
പിന്നെ ഒരു മന്ത്രിസഭ ഉണ്ട് അതൊക്കെ തന്നെ കഥ . ആന്റപ്പനും രസം മൂത്ത്  ഏറ്റു പിടിച്ചു ഏതു മന്ത്രിസഭാ ? 
ഗോവ  മന്ത്രിസഭാ ഒറ്റ ശ്വാസത്തില്‍ ആശുമോന്‍ ഉത്തരം പറഞ്ഞു
അപ്പോളേക്കും ബസ്സ്‌ കുന്ദംകുളം എത്തിയിരുന്നു ഞങള്‍ പുറകിലിരുന്നു കൂട്ടച്ചിരി .ആശുമോന്റെ  മുഖത്തു ഒരു തുള്ളി ചോര ഇല്ല .
ഗോവയിലേവിട്യാടാ മന്ത്രിസഭാ ...!!! ഗോവ കേന്ദ്രഭരണ പ്രദേശമല്ലെ  കൊക്കാന്‍ പോതുവിജ്ഞാനത്തില്‍ അവനുള്ള  പ്രാഗല്‍ഭ്യം   കാണിച്ചു .! 
സോറി പറക്കും തളിക ഞാന്‍ മുഴുവന്‍ കണ്ടില്ല  മമ്മി റിട്ടേണ്‍സ് ആണ് കണ്ടത്
അപ്പോഴേക്കും ഞങ്ങള്‍  സി  ഷേപ്പ് ബില്‍ടിങ്ങില്‍ എത്തിയിരുന്നു .ആശുമോന്‍  ഞങ്ങള്‍ക്കുള്ള നോട്സ് കോപ്പി എടുക്കാന്‍ കൊടുത്തു.
ഞങള്‍ അപ്പോളും കൂട്ടച്ചിരി  തന്നെ , ഗോവ മന്ത്രിസഭാ ഗോവ മന്ത്രി ബുഹഹഹഹഹ . ഇവന്റെ പൊളി ഇന്ന് ശരിയാക്കിത്തരാം !! ആശുമോനെ മമ്മിയിലെന്താ കഥ ? നീ എന്നാ മമ്മി കണ്ടത്?
കഴിഞ്ഞ ആഴ്ചയാ മമ്മി കണ്ടതെന്ന് ആശുമോന്‍ .
യു മീന്‍ അമ്മച്ചി തിരുമ്പി വന്താച്ച് (മമ്മി റിട്ടേണ്‍സ്) ? ഞാന്‍ ചോദിച്ചു.  അതേടാ  മമ്മി റിട്ടേണ്‍സ് തന്നെ (  മമ്മി റിട്ടേണ്‍സ്ന്റെ വേള്‍ഡ് വൈഡു റിലീസ്  ഇന്നലെ ആയിരുന്നു അതാണ്‌ ഞങ്ങള്‍ കണ്ടത്  ആ സിനിമ ആണ് ആശുമോന്‍ ഒരാഴ്ച മുന്‍പ് കണ്ടത്. അവന്റെ പൊട്ട സമയത്തിനു രണ്ടു സിനിമയും ഞങ്ങള്‍ കണ്ടിരുന്നു)
ഇവന്‍ ഭയങ്കരന്‍ തന്നെ പോളിക്കുമുകളില്‍ പൊളി ഇവനെ ഇന്ന് കൊന്നു കൊലവിളിച്ചു പാര്‍സലാക്കണം ! 
നീ ചോദിച്ചത് കേട്ടില്ലേ ആശുമോനെ മമ്മിയിലെന്താ കഥ ? 
ഞങ്ങള്‍ മൂവരും  ഒരേ സ്വരത്തില്‍ ആശുമോനോട് ചോദിച്ചു .
മമ്മിയിലും 'പ്രത്യേകിച്ച് പുതുമ ഒന്നും ഇല്ലെടാ പഴയ ജീവികള്‍ തന്നെ പുതിയതിലും ..!! '
പിന്നെ  പൂഴി മണ്ണിന്റെ കുറച്ചു പരിപാടി ഉണ്ട് അത്രതന്നെ ..!!! വന്‍ സീരിയസ് ആയി ആഷുമോന്‍ പറഞ്ഞു 
ഞാന്‍ ചിരിച്ചു തറയില്‍ വീണു .
ആന്റപ്പന്‍  xerox  മെഷീന്റെ  ചുവട്ടില്‍ തലകുത്തി നിന്ന് ചിരിച്ചു 
കോക്കാന് ചിരിച്ചു ശ്വാസം മുട്ടി . ഞങ്ങടെ ചിരിയും ആഷുമോന്റെ വെപ്രാളവും  കണ്ടു കടയിലെ നാല് സ്ത്രീകളും  കടക്കാരനും ചിരി തുടങ്ങി.
 ആഷുമോന്‍ പിന്നീടവിടെ  നിന്നില്ല, ഒരൊറ്റ ഓട്ടം .
കടയില്‍ നിന്ന് കോപ്പിയും വാങ്ങി പൈസയും കൊടുത്തു ഞങള്‍ ഇറങ്ങി അപ്പോളും ഞങ്ങള്‍  പൊട്ടിച്ചിരിക്കുകയായിരുന്നു 

ആന്റപ്പന്‍ വാക്ക് പാലിച്ചു എനിക്കും കൊക്കാനും ആന്റപ്പന്റെ വക മസാലദോശ . മസാലദോശ തിന്നുമ്പോളും ചിരി നിര്‍ത്താന്‍ പാട്പെടുകയായിരുന്നു .
അവന്റെ ഒരു  ജീവികള്‍ ..ഹ ഹ ഹ..!!! പിന്നെ പൂഴിമണ്ണും... ഹ ഹ ഹ..!
ശ്വാസം മുട്ടി , കണ്ണ് തുറിച്ചു ടിക്കറ്റെടുത്ത്  കണ്ടതാ അപ്പൊ അവന്‍ അത് ബിറ്റ്സ് ഇല്‍ നിന്ന് കണ്ടെന്നു .!!!
അതും ഒരാഴ്ച  മുന്‍പ് .!!!  ഹോ അവനെ സമ്മതിക്കണം .!
ആന്റപ്പന്‍ പറഞ്ഞു
തിങ്കളാഴ്ച കോളെജിലെത്തട്ടെ അവനൊരു സ്വീകരണം കൊടുക്കണം . 
കൊടുക്കാതെ പറ്റില്ല
 അവന്റെ ഒരു പഴയ ജീവികളും ,പുതിയ ജീവികളും.!!!

 ( അവസാനിക്കുന്നില്ല )

( നോട്ട് : ഈ കഥയിലെ കഥാ പാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ   യാതൊരു ബന്ധവും  ഇല്ല അങ്ങനെ തോന്നുന്നത് സ്വാഭാവികം മാത്രമാണ്  )

Tuesday

വെല്‍ക്കം ടു കൊടൈക്കനാല്‍

ഞങ്ങളുടെ കൂട്ടത്തിലെ ഒരു ആസ്ഥാന പൊളിയനായിരുന്നു അമ്മായി എന്ന്  വിളിക്കുന്ന ആഷിക്  ജോസ് 
സ്വതവേ ശാന്തനും  ടീച്ചര്‍ മാരുടെയും പെണ്‍കുട്ടികളുടെയും കണ്ണിലുണ്ണിയും ആയിരുന്നു ആഷുമോന്‍
പല സ്ത്രീ വിഷയങ്ങളിലും ഞങ്ങളുടെ  ക്ലാസ്സിലെ  വനിതാ രത്നങ്ങള്‍ക്കു പോലും ഇല്ലാത്ത അസാമാന്യ പാണ്ഡിത്യം അവനുണ്ടായിരുന്നു
കോക്കാന്‍ ഉമേഷിനെ വിസ്പെര്‍ ബെല്‍റ്റില്‍ നിന്ന് രക്ഷിച്ചത്‌  ആഷുമോന്റെ പാണ്ഡിത്യം വിളിച്ചോതുന്ന ഒരു സംഭവമായിരുന്നു .
"പാവമാണ് പക്ഷെ പന്നിയാണ് " പൊളി തുടങ്ങിയാല്‍ ആ പരിസരത്തൊന്നും പോയി നില്‍ക്കാതിരിക്കുകയാണ് ആരോഗ്യത്തിനു നല്ലത്
കണ്ണും ,കാതും ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം സ്വന്തം റിസ്കില്‍ കേള്‍ക്കുക  എന്നാണ്  രാജപ്പന്‍ വരെ പറയാറ് .
നാസ യില്‍ നിന്ന് കൊണ്ടുവന്ന അവന്റെ വീട്ടിലെ സഞ്ചരിക്കുന്ന പൂന്തോട്ടം , കിംഗ്‌ അബ്ദുള്ള എന്ന സ്വര്‍ണ്ണത്തൊപ്പിവച്ച സിഗരെറ്റ്‌ , നെരോലാക് പെയിന്റ് ന്റെ പരസ്യത്തില്‍ കാണിക്കുന്ന അവന്റെ കുന്നതംമായിയുടെ വീട് , മമ്മി ഫിലിമിലെ  ജീവികള്‍  അങ്ങനെ നീളുന്നു അവന്റെ അനന്തമായ പൊളികള്‍.
ഒരിക്കല്‍ ആഷുമോന്‍ തൃശ്ശൂരില്‍ നിന്ന്  വീടിലേക്ക്‌ വരികയായിരുന്നു
ഗണപതിക്ക്‌  എലി , കാലന്  പോത്ത് ആഷുമോന്  അഡ്രീനോ  അങ്ങനെ ഒരു ചൊല്ല്  ആ കാലത്ത്  നിലനിന്നിരുന്നു
അങ്ങനെ സ്വന്തം വാഹനമായ എല്‍ എം എല്‍ അഡ്രീനോയില്‍ തുഴഞ്ഞു വരികയാണ് ( കേരളത്തിലെ ആദ്യമായും അവസാനമായും അഡ്രീനോ വാങ്ങിച്ച വ്യക്തി എന്ന ലിംക ബുക്ക്‌ ഓഫ് records ഉടമ കൂടി ആണ്  ആഷുമോന്‍ )  നേരം  പരക്കെ ഇരുട്ടിത്തുടങ്ങിയിരുന്നു ഒരു 7 .30 ആയിക്കാണും  "കൌമാരസ്ത്രീകളുടെ പ്രശ്നങ്ങളും പ്രതിവിധിയും "എന്ന വിഷയത്തില്‍ സെമിനാര്‍  കഴിഞ്ഞു വരുന്ന വഴിയായിരുന്നു ആഷുമോന്‍.
കോളെജിലേക്ക്  തന്നെ വിരളമായെ ജോസ്സച്ചായാന്‍  ബൈക്ക് കൊടുത്തുവിടാറുള്ളൂ ഒരു പങ്കായവും കാറ്റിന്റെ ഗതിക്കനുസരിച്ച്  കെട്ടേണ്ട പായയും കൊണ്ട് നടക്കേണ്ടത്‌  കൊണ്ട്  അത്യന്താപേക്ഷിതമായ ഘട്ടങ്ങളില്‍ മാത്രമേ ആഷുമോന്‍  അഡ്രീനോ ഉപയോഗിക്കാറുള്ളൂ . പൂങ്കുന്നം തിരിവില്‍ എത്തിയപ്പോള്‍ ഒരു ടൂറിസ്റ്റ്  ബസ്‌  ആഷുമോനെ കടന്നു പോയി  ബസ്സിലുണ്ടായിരുന്ന കുട്ടികള്‍ ആഷുമോനെ നോക്കി "എന്തോ " പറഞ്ഞു .ആദ്യമായി ഒരാള്‍ കപ്പലുമായി റോട്ടിലൂടെ പോകുന്നത്  കണ്ടതിലുള്ള ആകാംക്ഷയില്‍ ആണ് കുട്ടികള്‍ ആഷുമോനെ നോക്കി " എന്തോ "പറഞ്ഞത് .
ആഷുമോന്റെ ഉള്ളിലെ സിംഹം സടകുടഞ്ഞെഴുന്നേറ്റു  ചീറി  പിര്ര്ര്ര്‍ . കുന്നംകുളത്തേക്കു പോകേണ്ട ആഷുമോന്‍  90 ഡിഗ്രി  മട്ടകോണില്‍ ഒറ്റതിരി
അഡ്രീനോ റോട്ടിലും ആഷുമോന്‍ തോട്ടിലും .
ആ വീഴ്ച ഒരു തോല്‍വിയായി ആഷുമോന്‍ ഒരിക്കലും കണക്കാക്കിയില്ല കഴിഞ്ഞ ദിവസം മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ നിന്ന്  ജെറ്റ്  ഇന്ദിര  എന്ന ഇന്ദ്രാണി മാഡം കൊടുത്ത  കട്ട്‌  പീസിലെ  നെപ്പോളിയന്‍ എട്ടുകാലിയെ കണ്ടു യുദ്ധം ചെയ്യാന്‍ വീണ്ടും പോയ  കഥ മനസ്സില്‍ സ്മരിച്ചു കാനയില്‍ നിന്ന് പിടഞ്ഞെഴുന്നേറ്റു അഡ്രീനോ കപ്പലിന്റെ പായ വലിച്ചുകയറ്റി ബൈക്കിനു മുകളിലേക്ക് പറന്നിറങ്ങി.
ബസ്സിന്റെ പൊടിപോലും കാണാനില്ല  ബുസ്സുപോയ ദിശ ലക്ഷ്യമാക്കി അഡ്രീനോ കുതിച്ചുപാഞ്ഞു അഞ്ചു മിനുട്ടിലെ പരിശ്രമം കൊണ്ട്  ബസ്സിന്റെ പുറകിലേക്ക്  ആഷുമോന്‍ പറന്നെത്തി .
പുറകില്‍ നിന്ന് ഹോണ്‍ മുഴക്കിയതും ബസ്സുകാരന്‍ വേഗത കൂട്ടി ,
പിന്നെടവിടെ സിസേര്സ്  റാലിയെ വെല്ലുന്ന പ്രകടനമാണ്  നടന്നത്
15 മിനുട്ട്  നേരത്തെ അതികഠിനമായ പരിശ്രമം കൊണ്ട്  ആഷുമോന്‍ ബുസ്സുകാരനെ മറികടന്നു .
പെട്ടന്ന്  ആഷുമോന് വല്ലാതെ തണുപ്പനുഭവപ്പെട്ടു , തിരക്ക്  പിടിച്ച മത്സര ഓട്ടത്തിനിടക്ക്‌  സ്ഥലങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല , കിടുകിടെ വിറച്ചു  കൊണ്ട്  ആഷുമോന്‍ വഴിയരികിലെ സൈന്‍ ബോര്‍ഡ്‌  വായിച്ചു  "വെല്‍ക്കം ടൂ കൊടൈകനാല്‍ "...!!!
ശുഭം 

Saturday

കഥ പറയുമ്പോള്‍ 2.

A happy childhood is one of the best gift
You can give your child

~Mary Cholmondeley

...ഇങ്ങനെ എവെര്‍ഗ്രീന്‍ വില്ലന്മാര്‍ ഇന്നും വിടര്‍ന്നു വിലസുന്നു , ഹൃദയ നിര്‍മ്മലത ഉള്ള പാവങ്ങളായിട്ടും ഇന്നും അവരൊക്കെ കുട്ടികളുടെ മനസ്സില്‍ ഭയം സമ്മാനിച്ച്‌ ജീവിക്കുന്നു ..

തുടര്‍ന്ന് വായിക്കുക .

എന്റെ പ്രധാന കളിപ്പാട്ടം ഒരു വാക്കത്തി ആയിരുന്നു പ്രധാന വിനോദം ചുമര് തുരക്കലും ..
അല്ലാത്ത സമയത്ത് ഒരേക്കര്‍ നീണ്ടു കിടക്കുന്ന കശുമാവിന്‍ തോട്ടത്തില്‍ അമ്മമ്മയോടൊപ്പം ഓടി നടക്കും.
അമ്മമ്മ ഒരു പാവം സ്ത്രീ ആയിരുന്നു ഒരു സാധാരണ നാട്ടിന്‍ പുറത്തുകാരി ..ഗ്രാമങ്ങളുടെ ഉള്‍ക്കാമ്പുകളിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ ഇത്തരം അമ്മമ്മ മാരെ ഇപ്പോളും കാണാം .വംശനാശം വന്നുകൊണ്ടിരിക്കുന്ന സഹൃദയരുടെ അവസാനത്തെ കണ്ണികള്‍ .കാലത്തിനോടൊപ്പം നടന്ന കാലുകളുടെ ഉടമകള്‍ ..
നഗരങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ ഓള്‍ഡ്‌ എയ്ജ് ഹോമുകളിലേക്ക് ചുരുങ്ങിപ്പോകുന്ന അമ്മമ്മ മാരെയും ഞാന്‍ കണ്ടിട്ടുണ്ട് . വളര്‍ത്തി വലുതാക്കിയവരെ അസൌകര്യത്തിന്റെ മുദ്രകുത്തി ഒറ്റപ്പെടുത്തുന്ന പുതുയുഗത്തിന്റെ പരിണാമങ്ങളില്‍ ജീവിക്കുന്ന അമ്മാമ്മമാര്‍ .. നഗരങ്ങള്‍ക്കപ്പുറത്ത് നഗരങ്ങള്‍ മാത്രമായി മാറുമ്പോള്‍ നമ്മള്‍ അവിടെക്കാണ് യാത്രപോകുക .. ഓള്‍ഡ്‌ എയ്ജ് ഹോമുകളുടെ മതില്‍ കെട്ടിനകത്തെക്ക്..!!!
കഥകളുടെ ഒരു വലിയ കലവറ ഒന്നും ആയിരുന്നില്ല അമ്മമ്മ ,എങ്കിലും ഭൂതങ്ങളുടെയും, ഗന്ദര്‍വ്വന്‍ മാരുടെയും , ദൈവങ്ങളുടെയും ഭീതി പരത്തുന്നതും അദ്ബുദപ്പെടുതുന്നതുമായ കഥകള്‍ അമ്മമ്മക്ക് അറിയാമായിരുന്നു ..
കറുത്ത പൂച്ചയെ കാണുമ്പോള്‍ ഞാന്‍ ഓടി ഒളിച്ചിരുന്നതിന്റെ ഒരു കാരണവും ഈ കഥകള്‍ തന്നെ ആയിരുന്നു .കാടന്‍ പൂച്ചയെ കണ്ടു എത്ര തവണ ശ്രീകൃഷ്ണനെ പോലെ നിന്നിരിക്കുന്നു ( കാടന്‍ പൂച്ച കാലിനിടയില്‍ കൂടി കടന്നു പോയാല്‍ മരിച്ചു പോകും എന്നൊരു കഥയും അമ്മമ്മ പറഞ്ഞു തന്നിരുന്നേ !!! )


അമ്മമ്മക്ക് അഞ്ചു പെണ്മക്കള്‍ ആയിരുന്നു ആറാമതായി ഉണ്ടായ ആണ്‍കുട്ടി ചെറുപ്പത്തിലെ മരിച്ചു അത് കൊണ്ട് കൊച്ചുമക്കളായ ഞങ്ങളെ എല്ലാവരെയും പ്രത്യേക വാത്സല്യത്തോടെ ആണ് അമ്മമ്മ വളര്‍ത്തിയത്‌
അഞ്ചു പെണ്മക്കള്‍ക്കും ഓരോന്ന് വീതം ആണ്മക്കളും ഉണ്ടായിരുന്നു ..അമ്മമ്മക്ക് നഷ്ടപ്പെട്ട ആ ആണ്‍കുഞ്ഞ് അഞ്ചു പേരായി ജനിച്ചതാണെന്നു, ഞാന്‍ എന്ന എത്തിയിസ്റ്റ് രൂപാന്തരം പ്രപിക്കുന്നതിനു വളരെ വളരെ പണ്ട് മറ്റുള്ളവരോട് വീമ്പിളക്കാറുണ്ടായിറുന്നു ..ജനിച്ചു വീഴുമ്പോളെ നട്ടെല്ലു വളക്കാനും എണ്ണിയാല്‍ തീരാത്ത ദൈവങ്ങളുടെ ദാസനായി മാറാനും പഠിപ്പിച്ചു തരുന്ന കേരള യാഥാസ്ഥിക കള്‍ച്ചറില്‍ ജനിക്കുകയും ജീവിച്ചു വരികയും ചെയ്തപ്പോള്‍ കണ്ടതിലോക്കെ ദൈവഭയം ആയിരുന്നു ..ജീവിതം കൊണ്ട് മനസ്സിലാക്കിയ ദൈവങ്ങള്‍ പിന്നീടു പലതുമുണ്ടായി. ഒടുവില്‍ ആ സത്യം മനസ്സിലാകുകയും ചെയ്തു .. കാലപ്പഴക്കത്തില്‍ തഴമ്പിച്ച ഓര്‍മ്മക്കുള്ളില്‍ നിന്നു അറിയാതെ ഇപ്പോളും വിളിച്ചു പോകാറുണ്ട് ഈശ്വരാ എന്ന് ..!!! ആ കുന്നില്‍ പുറത്തെ കൊച്ചു വീട്ടില്‍ പണ്ട് ഞാന്‍ അമ്മയെ വിളിച്ചു കരഞ്ഞിരുന്ന പോലെ ..ചില നിരര്‍ത്ഥകമായ വിളികള്‍ .
ആരും കേള്‍ക്കാനില്ലാത്ത വിളികള്‍ ..എന്റെ കരച്ചിലുകള്‍ ആ കുന്നിന്‍ പുറത്തെ കൊച്ചു വീടിന്റെ ചുമരിനുള്ളിലെവിടെയോ പോയി ഒളിച്ചിരുന്നിട്ടുണ്ടാകും ..."എന്നും എല്ലാവരും എന്നോട് അങ്ങിനെ ആണല്ലോ..? എല്ലാവരും ഒളിച്ചിരിക്കുകയല്ലേ... "!!.
എത്രയോ കുട്ടികള്‍ ഇങ്ങനെ ഒറ്റപ്പെട്ടു ...
നാലു ചുമരിന്റെ സുരക്ഷിതത്വത്തിനകത്തു ..
ഇടുങ്ങി ജീവിക്കുന്നു..
അവന്റെ വേദനയും , സങ്കടവും ചുമരുകളോട് പറഞ്ഞു ..കരഞ്ഞു, തളര്‍ന്നുറങ്ങുന്നു .
ചിലര്‍ സുരക്ഷ മുഴുവനും ആകാശത്തിനു താഴെ ഏല്പിച്ചു ജീവിക്കുന്നു .
ഒരു നോട്ടം .. ഒരു വാക് .. ഒരു കുഞ്ഞു തലോടല്‍ .. അങ്ങനെ എത്രയെത്ര കൊതികള്‍ ....!!!
ഒരിക്കലും മടങ്ങി വരാത്ത കൊച്ചു കൊച്ചു നഷ്ടങ്ങള്‍ ...

****

ഞാന്‍ വെട്ടുകത്തിയും എടുത്തു ചുമരില്‍ വെട്ടിക്കൊണ്ടിരുന്നത് കണ്ടു കൊണ്ടാണ് മേമ അകത്തേക്ക് വന്നത്
ചെക്കനെ കൊണ്ട് തോറ്റു
ഡാ നിന്നെ ഞാന്‍ ഇന്ന് ശരിയാക്കും നിന്റെ ഒരു ചുമര് പൊളി .
ഒരു വടി എടുത്തു നിലത്തടിച്ചു എന്നെ കണ്ണുരുട്ടി നോക്കി
ഞാന്‍ കത്തി അവിടെ ഇട്ടു ഒരൊറ്റ ഓട്ടം മേമ പുറകെയും
ഓടി ചെന്ന് അമ്മമ്മ യുടെ പുറകിലൊളിച്ചു ..!
ഇവനെ ഇന്ന് തവിട് കാരന് കൊടുത്തിട്ടേ ഉള്ളൂ ബാകി കാര്യം .
അല്ലെങ്കീ ഇവനീ വീട് പൊളിക്കും ..!!!

എനിക്ക് മൂന്ന് വയസ്സായപ്പോള്‍ നഷ്ട്ടപ്പെട്ട സ്നേഹവും ആയി
അമ്മ പഠനവുംകഴിഞ്ഞു മടങ്ങി വന്നു
ഞാന്‍ നട്ട മൂവാണ്ടന്‍ മാവ് മൂന്നു വര്ഷം നിറഞ്ഞു കായ്ച്ചു .. കുന്നിന്‍ മുകളിലെ കശുമാവുകള്‍ പൂത്തു തളിര്‍ത്ത്‌ കേച്ചേരിയിലെ കശുവണ്ടി കടയിലേക്കും അവിടെ നിന്നു കൊച്ചിയിലേക്കും പിന്നീട് കടലുകടന്നു സായിപ്പിന്റെ നാടുകളിലേക്കും പറന്നു
അമ്മമ്മ വളര്‍ത്തിയിരുന്ന ആട് അതിന്റെ കുടുംബം വിപുലീകരിച്ചു .
കാലം സമയത്തെക്കാള്‍ വേഗത്തില്‍ പാഞ്ഞു .നാട് വളര്‍ന്നു ഒപ്പം ഞാനും .
നാല് വര്ഷം മുന്‍പ് അമ്മമ്മയും അച്ഛച്ചനും മാലാഖ മാരുടെ നാട്ടിലേക്ക് യാത്രപോയി .
കാത്തിരിപ്പുകളുടെ നീണ്ട നിര തന്നെ നിന്റെ ജീവിതത്തിലുണ്ട്പഞ്ചൂ പ്രാപ്തനാകുക
എന്ന് എന്നെ അറിയാതെ പഠിപ്പിച്ച ആ കുഞ്ഞു വീട് ഞാന്‍ പൊളിക്കാതെ തന്നെ നിലം പൊത്തി .
എന്റെ കാത്തിരിപ്പുകളുടെ സ്മരണ കുടീരം പോലെ ചില അവശിഷ്ടങ്ങള്‍ ഇപ്പോളും അവിടെ ബാകിയായി ഉണ്ട്.
അവിടെ പോകുമ്പോളൊക്കെ ഞാന്‍ കാണാറുണ്ട്‌ മറ്റാര്‍ക്കും കാണാന്‍ കഴിയാത്ത ആ കാഴ്ച
എന്റെ "തക്ഷശില"ക്ക് മുകളില്‍ പുഞ്ചിരിക്കുന്ന മുഖവുമുള്ള ഒരു രണ്ടു വയസ്സുകാരനെ.
കാത്തിരിപ്പിന്റെ കണ്ണുകളുള്ള ഒരു കൊച്ചു പഞ്ചുവിനെ .

"വിട്ടുപോകുന്നവരൊക്കെ തിരിച്ചു വരാനുള്ള വഴികള്‍ മായച്ചാണ് പോകുന്നത്
അന്വേഷിച്ചു പോകാനുള്ള അടയാളങ്ങളും "
(അവസാനിക്കുന്നില്ല )

കഥപറയുമ്പോള്‍ .1

It's never too late to have a happy childhood
~Berke Breathed.

അടുത്തിടെ എന്റെ സുഹൃത്ത് അനൂപ്‌ കുമാറിന്റെ കവിത വായിച്ചു ..
'ബട്ടുന്‍സ് ' വരികള്‍ എനിക്ക് ഇപ്പോള്‍ കൃത്യമായി ഓര്മ വരുന്നില്ല .
എങ്കിലും ഇങ്ങനെ ഒക്കെ ആയിരുന്നു കവിത ..

അച്ഛന്റെ ചൂടു പറ്റി
നെഞ്ചില്‍ ചേര്‍നുഉറങ്ങുമ്പോള്‍
പല്ലു മുളകാത്ത മോണകൊണ്ടു
കടിച്ചു പിടിച്ചത്
ബട്ടന്‍സ്‌ .!

ആ കവിതയുടെ വരികളില്‍ കോര്തുവെച്ച സ്നേഹത്തിലൂടെ
കാത്തിരിപ്പിന്റെ ബാല പാഠങ്ങള്‍ പഠിപ്പിച്ച എന്റെ ആദിയിലേക്ക് ഞാന്‍ സഞ്ചരിക്കുകയായിരുന്നു .. അച്ഛന്റെ നെഞ്ചില്‍ തലവച്ചു പഞ്ചു ഉറക്കം കാത്തു കിടക്കുകയാണ് .. അച്ഛന്‍ കഥ തുടങ്ങി ..!
പണ്ട് പണ്ട് ഒരു അനാഥനായ ഒരു കുട്ടിയുണ്ടായിരുന്നു .. ഡിക്കെന്നായിരുന്നു ആ കുട്ടിയുടെ പേര് ..!
ഈ കഥ വേണ്ടച്ചാ .. ഇന്നലേം ഇത് തന്ന്യാ പറഞ്ഞത് .. രണ്ടു വയസ്സിന്റെ ഓര്‍മ്മ ശക്തിയില്‍ നിന്ന് ഞാന്‍ നീരസം പ്രകടിപ്പിച്ച് കൊഞ്ചി കൊഞ്ചി പറഞ്ഞു .
പിന്നെ നിനക്ക് ഏതു കഥയാ വേണ്ടത് നീ തന്നെ പറ ..?
പഞ്ചുനിപ്പം കഥ വേണ്ട ...പഞ്ചുനു അമ്മയെ കാണണം ... ഇപ്പൊ അമ്മയെ കാണണം ...!!!
നാളെ നമുക്ക് ഒരുമിച്ചു കണ്ണൂര്‍ക്ക്‌ പോകാം ടോ ..! ഇപ്പൊ മോന്‍ ഉറങ്ങു .. എന്റെ പുറത്തു തട്ടി പതുക്കെ അച്ഛന്‍ പറഞ്ഞു ..!!!
നാളെനു പറഞ്ഞാല്‍ എപ്പളാ ആകുക ?
എത്ര കഥ പറഞ്ഞു കഴിഞ്ഞാല നാളെ ആകുക അച്ഛാ ..? നാല് , ഒന്ന് , എട്ട് .അഞ്ച് ഇത്രയും കഥ പറഞ്ഞു തീരുമ്പോള്‍ നാളെ ആകുമോ ? അറിയാവുന്ന എണ്ണം ഒക്കെ പെറുക്കിക്കൂട്ടി ഞാന്‍ അച്ഛനോട് ചോദിച്ചു ...!!
ഒന്ന് നെടുവീര്‍പ്പിട്ടു അച്ഛന്‍ എന്റെ പുറത്തു പതുക്കെ തലോടിയിട്ട് പറഞ്ഞു
ഈ കഥയും കൂടി തീരുമ്പോ നാളെ ആകും ടോ ..!!
ഒരിടത്തൊരിടത്ത് ഒരു വലിയ കാടുണ്ടാരുന്നു .. ആ കാട്ടില്‍ "ഉഗ്രന്‍ "എന്ന് പേരുള്ളൊരു സിംഹവും ഉണ്ടായിരുന്നു ..
പേര് പോലെ തന്നെ ഉഗ്രനായിരുന്നു ആ സിംഹവും ... എന്റെ മനസ്സു പതുക്കെ ആ കാട്ടിലേക്ക് യാത്ര തുടങ്ങി .. കണ്ണൂരും ,അമ്മയും , യാത്രയും ....എല്ലാം ആ കാടിന്റെ , കഥയുടെ നിഗൂടതയില്‍ അലിഞ്ഞലിഞ്ഞു ഇല്ലാതായി...!!! കഥക്കൊപ്പം എന്റെ മൂളലുകളും പതുക്കെ നിന്നു .. ഉറങ്ങിയെന്നു ഉറപ്പുവരുത്താനായി അച്ഛന്‍ പതുക്കെ ചോദിച്ചു പഞ്ചൂ നീ ഒറങ്ങ്യോ..?
എന്റെ മനസ്സ് സ്വപ്നങ്ങളില്‍ വീണു എപ്പോളെ കാടിന്റെ പച്ചപ്പിലേക്ക് മറഞ്ഞു കഴിഞ്ഞിരുന്നു ..!!
അച്ഛന്‍ പതിയെ നെഞ്ചില്‍ നിന്നും എന്നെ എടുത്തു കട്ടിലില്‍ കിടത്തി ...
അമ്മയെ ചോദിച്ചു കരയുമ്പോളൊക്കെ .. ഇങ്ങനെ കഥപറഞ്ഞു പറ്റിക്കും.. അങ്ങനെ ആ ദിവസവും അവസാനിച്ചു ... ഒന്നര വയസ്സുകാരനെ പറ്റിക്കാന്‍ കഥകളൊക്കെ ധാരാളം, എന്ന് അറിയാതെ ഞാന്‍ പഠിച്ചത്
ഒരു പക്ഷെ അന്നായിരിക്കാം ..
പക്ഷെ കഥകള്‍ ഒരിക്കലും അമ്മക്ക് പകരമാകില്ല എന്ന് ഞാന്‍ പറഞ്ഞിരുന്നു .. പക്ഷെ ആര് കേള്‍ക്കാന്‍ . കുട്ടികളുടെ ഭാഷ വലിയവര്‍ക്കറിയില്ലല്ലോ ?

*****

എനിക്ക് ഒന്നര വയസ്സായപ്പോള്‍ കൈക്കുഞ്ഞായ എന്നെ അമ്മാമയെ ഏല്പിച്ചു അമ്മ മലബാറിലേക്ക് ( കണ്ണൂര്‍ ) പഠനത്തിനായി പോയി ഒന്നര കൊല്ലത്തെ പഠനവും ആയി അമ്മ അവിടെ ആയിരുന്നു ..അമ്മമ്മയുടെ കൂടെയും അച്ഛന്റെ തറവാട്ടിലും ആയിട്ടാണ് ഞാന്‍ വളര്‍ന്നത്‌ .ഗവ യു .പി .സ്കൂള്‍ അധ്യാപകനായിരുന്നു എന്റെ അച്ഛന്‍ .. അച്ഛന്‍ പഠിപ്പിച്ചിരുന്ന സ്കൂള്‍ അച്ഛന്റെ തറവാടിനു അടുത്തായിരുനത് കൊണ്ട് അച്ഛന്‍ അച്ഛന്റെ തറവാട്ടില്‍ ആയിരുന്നു . സ്വതവേ വികൃതിയും വാശിക്കാരനും ആയ എന്നെ നോക്കുക എന്നതു ഒരു കുഴപ്പം പിടിച്ച ജോലി തന്നെ ആയിരുന്നു . അച്ഛന്‍ സ്കൂളില്‍ പോയാല്‍ കൈക്കുഞ്ഞും പോരാത്തതിനു 'വികൃതി രാമനും' ആയ എന്നെ അച്ഛന്റെ തറവാട്ടിലാക്കുന്നതിനെക്കാള്‍ നല്ലത് അമ്മവീടും അമ്മമ്മയും തന്നെയാണെന്നുള്ള നിഗമനം കാരണം എന്റെ ആ ജയില്‍ വാസം അമ്മമ്മയുടെ അടുത്തായി .
അന്ന് ഞാന്‍ ഒരു കൊടും വികൃതി ആയിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ( ഇപ്പോള്‍ പക്ഷെ പാവമാണ് ഞാന്‍ ) വല്ല്യമ്മയുടെ മോളായിരുന്നു എന്റെ (ആകെയുള്ള ) പ്രധാന കളിക്കൂട്ടുകാരി ,
എന്നേക്കാള്‍ ഒരു വയസ്സിനു മൂത്തവളാണെങ്കിലും എന്നേക്കാള്‍ ചെറുതായിരുന്നു അവള്‍ എന്റെ ഇടിയും തൊഴിയും മുടി പിടിച്ചു വലിച്ചുള്ള ദേഷ്യം തീര്‍ക്കലും പാവം ഒരു പാട് സഹിച്ചിരിക്കുന്നുനു അമ്മമ്മ പറയുമായിരുന്നു ... എന്നാലും വരും എന്റെ ഒപ്പം.. ഡാ പിജീ..നീ ഉപ്പൂണ്‍ കണ്ടോ നു ചോദിച്ചു... ( ടീസ്പൂണ്‍ നു അവള് അങ്ങനെ ആണ് പറയാറുള്ളത് ഇപ്പോളും അത് പറഞ്ഞു ഞാന്‍ കളിയാക്കാറുണ്ട് ഉപ്പൂണ്‍ കണ്ടോ മിമീ നു ചോദിച്ചു ..?)
എന്റെ വികൃതി സഹിക്കാന്‍ മേലാതാകുമ്പോ മേമ ( ചെറിയമ്മ ) പറയും
നിന്നെ ഞാന്‍ അടുത്ത തവിട് വിക്കണ ആള് വരുമ്പോ അയാള്‍ക്ക്‌ കൊടുക്കും !
കഴിഞ്ഞ തവണത്തെ ചന്ദ്രേടെ കത്തിലുണ്ടാരുന്നു നിന്നെ തവിടുകാരന് കൊടുത്തോളാന്‍ .. ഇനി നീ വികൃതി കാണിച്ചാ നിന്നെ തവിടുകാരന് കൊടുക്കും ... അമ്പ ....ഇങ്ങനേം ഉണ്ടോ ഒരു വികൃതിചെക്കന്‍ ,എന്നിട്ട് കണ്ണുരുട്ടി എന്നെ പേടിപ്പിക്കും .
ഇനിയെങ്ങാനും എന്നെ തവിടിന് വിക്കുമോ ഇവര്‍ ..?
എന്ന ആശങ്കയില്‍ ...ഉള്ളിലുള്ള പേടി പുറത്തു കാണിക്കാതെ ഞാന്‍ പറയും.
നൊണച്ചിയാ മേമ ..എനിച്ചറിയാലോ അമ്മ പഠിക്കാന്‍ പോയതാണ് നു അമ്മ അങ്ങനൊന്നും പറയില്ല
നൊണ പറഞ്ഞാല്‍ നരകത്തില് പോകും ..അവിടെ ചട്ടിയിലിട്ടു വറുക്കും ..അപ്പൊ കാണാം ..!!!
ചുണ്ടുകൊണ്ട് ഗോഷ്ടി കാണിച്ചു ഞാന്‍ മുറ്റത്തെക്കിറങ്ങും ..
അന്ന് എന്നെ ശുണ്ടി പിടിപ്പിക്കല്‍ അമ്മമാരുടെ ഒരു പ്രധാന വിനോദമായിരുന്നു .
ഇന്നും ഇത്തരം ക്രൂര വിനോദങ്ങള്‍ കുട്ടികളോട് എല്ലാവരും തുടരുന്നുണ്ട് ...തവിട് വില്‍ക്കാന്‍ വരുന്ന ശങ്കരന്‍ , കള്ള് ചെത്താന്‍ വരുന്ന കുട്ടപ്പചെണാര്‍ , പൊരിയും കൊണ്ട് വന്നിരുന്ന പൊരി അമ്മൂമ്മ , ചട്ടി വില്‍ക്കാന്‍ വരുന്ന ചെട്ടിച്ചി അക്കന്‍ ഇങ്ങനെ എവെര്‍ഗ്രീന്‍ വില്ലന്മാര്‍ ഇന്നും വിടര്‍ന്നു വിലസുന്നു . ഹൃദയ നിര്‍മ്മലത ഉള്ള പാവങ്ങളായിട്ടും ഇന്നും അവരൊക്കെ കുട്ടികളുടെ മനസ്സില്‍ ഭയം സമ്മാനിച്ച്‌ ജീവിക്കുന്നു ..!!

(തുടരും )

Tuesday

ഇമ്പടെ സെക്രട്ടറി ഒരു പടച്ചോന്‍ തന്നെ ...!!

അങ്ങനെ ഉപ്പു തൊട്ടു കര്‍പ്പൂരം വരെയുള്ള സകല സാധങ്ങള്‍ക്കും വില കുത്തനെ കയറിക്കൊണ്ടിരിക്കുകയാണ്.. പച്ചക്കറി വാങ്ങിക്കുന്നതിനെക്കാള്‍ ലാഭമാണ് ഇന്ന് ടി .വി .വാങ്ങുന്നത് എന്ന തരത്തിലേക്ക് ഇന്ത്യ മാറികൊണ്ടിരിക്കുന്നു .. കേന്ദ്രം ഭരിക്കുന്ന ഭൂര്‍ഷ്വാ പാര്‍ടി സമ്പന്നന്റെ ലോകം മാത്രമാണ് ഭദ്രമാക്കുന്നത് ഇന്ത്യയിലെ 80 % വരുന്ന പാവപ്പെട്ടവന്റെ , ഹരിജനങ്ങളുടെ ,കര്‍ഷകന്റെ ,കര്‍ഷക തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരെ നടക്കുന്ന പോസ്റ്റ്‌ ഓഫീസ് ഉപരോധ സമരത്തില്‍ പങ്കാളികളാകുകയും .. സമരത്തെ വിജയിപ്പിക്കനാവശ്യമായ ..പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യണമെന്നു ഞാന്‍ ഈ സമയത്ത് നിങ്ങളെ ഓര്‍മിപ്പിക്കുകയാണ് ... ലോക്കല്‍ സെക്രട്ടറി സദാനന്ദന്‍ ഘോരഖോരം എട്ടു ദിക്കുകളെയും പൊട്ടിച്ചു പ്രസംഗിച്ചു കൊണ്ടിരുന്നു ...!!!
ഇയ്യാളൊരു കേമന്‍ തന്നെ ആണ് ടാ രാമാ
സെക്രടറി യുടെ പ്രസംഗം കേട്ട് പീടിക വരാന്തയില്‍ നിന്നിരുന്ന സെയതലവി പറഞ്ഞു
എന്താ പ്രസംഗം ..
ഈ കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ തുടങ്ങിയാ പാവപ്പെട്ട ഇമ്പള് എന്തുട്ട് ചെയ്യാനാ .?
കൂട്ടാന്‍ കഷണതിനും .കായക്കും ഒക്കെ ഇങ്ങനെ പൈസ കേറാന്നു വച്ചാ ..!
ഇമ്പടെ കാര്യം പറാനും ആളുണ്ട് .. സദാനന്ദന്‍ സെക്രടറി ഒരു പടച്ചോന്‍ തന്നെ ...!!!
സെയതലവി തോളിലെ തോര്തുമുണ്ടെടുത്തു ഉമ്മറത്തെ പൊടി തട്ടി തറയിലിരുന്നു
ഇയ്യൊരു ബീഡി കാട്യെ സെയ്തോ ..? ബീടിക്കുള്ള വക്പോലും എന്റെലില്ല !
സെയതലവിയുടെ തെരവ് ബീഡി ഊതിവിട്ടു രാമന്‍ ചോദിച്ചു ഇയ്യരിഞ്ഞാ സെയ്തോ .?
ഇമ്പടെ വിലാസിനി ടീചെര്ടെ ചെക്കന്‍ ജയിലിലാരുന്നു ത്രെ .. സമരത്തിനു പോയിട്ട് പോലിസേരു അടിച്ചു കയ്യൊടിച്ചെന്നാ പറേനെ..!
ആര് ഇമ്പടെ അനിലാ ...ആ ബൈക്ക്മ്മേല് പോകാറുള്ള ചെക്കനാ
അതെന്നു ..
ഇന്നാള് ത്രിശൂരുക്ക് ജാഥക്ക് പോയപ്പളല്ലേ ഞാന്‍ കണ്ടത് ... ഓന് നേതാക്കന്മാരെ ഒക്കെ നല്ല നിശ്ചയോം പരിചയോം ഒക്കെ ആണ് സെയ്തോ .
ഓനും ദിവാകരന്റെ പോലെ രക്തസാക്ഷി ആകാനാണോ പടച്ചോനെ ..ആ ടീചെര്‍ക്കിനി ഓനെ ഉള്ളൂ ..!!
അച്ഛന്റെ അല്ലെ മോന്‍ .. അതങ്ങനെയേ വരോന്നാകും.
അല്ല രാമാ പരാഗണത്തിന്റെ സമയായില്ലേ.?
അപ്പൊ ഇനി അനക്ക്‌ പണീണ്ടാകും ലെ ..!!!
നിക്ക് ഇത് വരെ കത്ത് വന്നിട്ടില്ലാന്നു ..ശങ്കരനും ,കോരനും , സുരേന്ദ്രനും വന്നെട് ക്കണ്...!!
പത്തീസായീ അവര്‍ക്കൊക്കെ കത്ത് വന്നിട്ട് ..!!
കൃഷിഭവന്‍ കാര് അന്നെ മറന്നോ രാമാ ...?
ഇയ്ക്ക് തെങ്ങേല്‍ കേറാന്‍ ത്രാനീല്ലാണ്ടായി ന്നു ഓരുക്ക് തോന്നീണ്ടാകും ..!!
കഴിഞ്ഞാ പ്രാശ്യം കൃഷിഭവന്‍ കാര് തന്ന പണി ബാബു വല്ലേ ചെയ്തു തീര്‍ത്തത്
ഓര് കാണിച്ച ക്രിപോണ്ട് കയിഞ്ഞ കൊല്ലം കഞ്ഞി കുടിച്ചേക്കണ്..!!!
കൊണ്ഗ്രെസ്സിന്റെ പ്രേസിടണ്ടാനേലും ഇമ്പടെ ഒരു കാര്യമായി ചെന്നപ്പോ 500 ഉറുപ്പ്യേ വാങ്ങിചൊള്ളോ..പിന്നെ ഒരു കൊല പഴവും ..!!
രാധാകൃഷ്ണന്‍ നമ്പ്യാര് അന്ന് കാര്യം നടത്തീട്ടാ .. ലിസ്റ്റില്‍ പേരുണ്ടായിട്ടു പണിക്കു ഇറങ്ങാന്‍ കയ്യൂല്ലാത്ത എന്നെ ഓര് ഒഴിവാക്യപ്പോ ..!! നമ്പ്യാരുടെ ശിപാര്‍ശയിലാ കാര്യം നടന്നത് .
ഇത്തോണാ ന്റെ ബാബുനു വരുന്ന് വിചാരിക്കന് .!!
ഇതിപ്പോ ഭരണം മാറില്ലേ അലവ്യെ .
അല്ലേല്‍ കായി കൊടുത്താലും വേണ്ടില്ലാ 6 മാസം കഞ്ഞി കുടിക്കാന്‍ പറ്റുആര്‍ന്നു.
ഇമ്പടെ പാര്‍ട്ടി അല്ലെ ഇപ്പൊ ഭരിക്കണ് രാമാ ...ഇയ്യ്‌ ആ സെക്രടറി നെ ഒന്ന് ചെന്ന് കാണാന്‍ പറയു ബാബൂനോട്
ഇമ്പടെ സദാനന്ദന്‍ വഴിയുണ്ടാക്കും നെ .
കേന്ദ്രതിലല്ലേ പ്രശ്നമുള്ളു ..ഇമ്മടെ പഞ്ചായത്തും ,കേരളോം ഇമ്പടെ പാര്‍ട്ടി അല്ലെ ഭരിക്കണ്..അപ്പൊ പിന്നെ ഇമ്പടെ കാര്യം നോക്കീട്ടെന്നെ വേറെ കാര്യംള്ളൂ ..!!
ഇജ്ജും കൂടി കേട്ടതല്ലേ ഇമ്പടെ സദാനന്ദന്റെ പ്രസംഗം ..!!
പാവപ്പെട്ടോര്ക് നീതില്ലാച്ചാല്‍ പിന്നെ ആരുക്കാ ഇബടെ നീതി കിട്ടാ ...!!
ഇയ്യ്‌ ബാബൂനോട് പറയ് ആ സദാനന്ദനെ ഒന്ന് കാണാന്‍ ഇമ്പടെ ടീചെര്ടെ ചെക്കനേം കൂട്ടാന്‍ പറഞ്ഞോ ഒനാകുംപോ ഒരു പരിചയം ഉണ്ട് ലോ ..!!
ഇത്രയും പറഞ്ഞു ...സെയ്തലവി കെട്ടു പോയ ബീഡി കുത്തിക്കെടുത്തി ചെവിടിനിടയില്‍ തിരുകി ...ഒന്ന് നെടുവീര്‍പ്പിട്ടു .

***
അനില്‍ സഖാവേ നാളെ കാലത്ത് പാര്‍ട്ടി ആപ്പീസില്‍ സദാനന്ദന്‍ സാര്‍ ഉണ്ടാകുമോ ?
എന്തെ ബാബോ ചീടുകളിച്ചു പിടിച്ചാ വീണ്ടും ?
അതല്ല എന്റെ ഒപ്പം ഒന്ന് പാര്‍ട്ടി ആപ്പീസില്‍ വരുമോ ?
ഇയ്യ്‌ കാര്യം പറ ബാബോ ..ഇമ്മക്ക് വഴി കാണാം നെ !!
കഴിഞ്ഞ കൊല്ലം തെങ്ങില്‍ പരാഗണം നടത്തണ പണി അച്ഛന് കിട്ടീരുന്നു ..അത് അച്ഛന് സൂക്കേട്‌ കൂട്യപ്പോ ഞാനാ ചെയ്തു തീര്‍ത്തെ..കഴിഞ്ഞ കൊല്ലം ലിസ്റ്റില്‍ന്നു അച്ഛന്റെ പേരിനു പകരം എന്റെ പേരാക്കാന്‍..അച്ഛന്‍ നമ്പ്യാരുക്ക് കാശു കൊടുത്താ ശരിയാക്കിയത് ..കയിഞ്ഞ കൊല്ലം ഇനി അച്ഛന് പകരം അനക്ക്‌ കാര്‍ഡയക്കും ട്ടാ അപ്പൊ വന്നു പണി ചെയ്തെക്കണം ന്നാ ആപ്പീസറു പറഞ്ഞത് ..പക്ഷെ ബാകി എല്ലാരുക്കും കാര്‍ഡു വന്നെട്ക്കണ് എന്റോടെ മാത്രം വന്നില്ല ...
ഇപ്പൊ ഭരണം മാറീതോണ്ട് നമ്പ്യാരുടെ അടുത്ത് പോയിട്ട് കാര്യംല്ലാല്ലോ ..!!
ഇമ്മടെ പാര്‍ട്ടിക്കാര്‍ക്ക് കാശ് കൊടുത്താല്‍ പണി ശരിയാക്കാന്‍ പറ്റുമോ ?
ഇയ്യെന്താണ്ട ഇങ്ങനെ പറയണേ .
ഇമ്മടെ പാര്‍ട്ടിക്കാരേം ഇയ്യ്‌ കോണ്‍ഗ്രസില്‍ ചേര്ത്താ ..?
കാശൊന്നും കൊടുക്കണ്ട ഇയ്യ്‌ നാളെ എന്റെ ഒപ്പം പാര്‍ട്ടി ആപ്പീസില് വാ ..നമുക്ക് സെക്രടറി യെ കണ്ടു സംസാരിക്കാം ..അതിന്ടടുത്തു തന്നെ അല്ലെ കൃഷിയാപ്പീസും അവിടേം പോകാം അന്റെ കൂടെ സെക്രട്ടറി അവിടെ വരും ചെയ്യും .പോരെ ...!!

****
ഇയ്യിവിടെ ഇരിക്ക് ട്ടാ ഞാന്‍ പാര്‍ട്ടി അപ്പീസില്‍ ആളുണ്ടോ നോക്കട്ടെ .
കുമാരേട്ടാ സദാനന്ദന്‍ സഖാവ് വന്നോ ?
അനില്‍ ആപ്പീസ് സെക്രടറിയോട് തിരക്കി ..!!
ഇന്നലെ ഞാന്‍ ഫോണില്‍ വിളിച്ചിരുന്നു ..കാലത്ത് കാണാം എന്നാ സഖാവ് പറഞ്ഞത് !!
നീ ഇരിക്ക് ആള് അകത്തുണ്ട് ഞാന്‍ വിളിക്കാം .
ബാബോ ഇയ്യിവിടെ കുമാരേട്ടനോട് സംസാരിച്ചു ഇരിക്ക് .
ഞാന്‍ സെക്രട്ടറി യെ കണ്ടിട്ട് വരാം .
എന്താ അനിലേ പ്രശ്നം ..?
അന്നേ ഈയിടെ ഇങ്ങട്ട് കാണുന്നില്ലല്ലോ ..?
ഇയ്യ്‌ കോളേജ് രാഷ്ട്രീയം മാത്രം ആയി കഴിഞ്ഞു കൂടാണോ ?
പോസ്റ്റ്‌ ആപ്പീസ് ഉപരോധത്തിന് ഉണ്ടാകണം ട്ടാ .. കോളനീലെ ആളുകളെ ഇയ്യ്‌ വേണം കൊണ്ടൊരാന്‍ .
അവര് ഒരു അഴകാണ് ഈ സമരത്തിനു ..അല്ലാതെ ആര് വരാനാ ഇപ്പൊ സമരത്തിന്‌ ഒക്കെ .!!!
നീ വന്ന കാര്യം പറയ്.
സഖാവേ നമ്മടെ രാമേട്ടന്റെ മോനാ എന്റെ ഒപ്പം വന്നിട്ടുള്ളത്
ആര് പണ്ട് കോണ്‍ഗ്രസ്‌ ആയിരുന്ന രാമേട്ടനോ ? അയാള്‍ക്കിപ്പോ എന്താ പ്രശ്നം ..അയാള് ചത്തോ ?
പ്രശ്നം അയാള്‍ക്കല്ല അയാള്‍ടെ മകനാ .. നമ്മടെ യൂത്ത് വിംഗ് ന്റെ വൈസ് പ്രസിടെണ്ടാണ് ആ പയ്യന്‍
ആ പയ്യന് കൃഷി ഭവനീന്ന് ജോലിക്ക് വിളിക്കാറുണ്ട് തെങ്ങിന് പരാഗണം നടത്തുന്ന പണിയാ സഖാവേ ..!
ഇത്തവണ വിളിച്ചില്ല സഖാവ് ഒന്ന് കൃഷിയാപ്പീസു വരെ വന്നാല്‍ ..അവിടെ ഒന്ന് പറഞ്ഞാല്‍ ..!!
സെക്രട്ടറി തുറിച്ച കണ്ണുകളോടെ അനിലിനെ നോക്കി ..!!
ആ കോണ്‍ഗ്രസുകാരന്‍ ആയിരുന്ന ആളല്ലേ രാമന്‍ ..!!
അത് പണ്ടല്ലേ സഖാവേ ഇപ്പൊ ആ വീട്ടുകാര്‍ മുഴുവനും നമ്മുടെ അനുഭാവികളാ
സെക്രട്ടറി ഒന്ന്നു മൂരി നിവര്‍ന്നു ബെല്ലടിച്ചു കുമാരാ എന്ന് പുറത്തേക്കു നോക്കി ഉറക്കെ വിളിച്ചു ..!!
ചായ പറയു ..അനക്ക്‌ ചായ വേണോ അനിലേ ? അന്റെ കൂടെ എത്ര പേരുണ്ട് അവര്ക്കും ചായ പറയാം ..?
വേണ്ട സഖാവേ ഞങള്‍ ചായ കുടിച്ചിട്ടാ വന്നത് .
സെക്രട്ടറി ഒന്നും പറയാതെ മൌനം ഭജിച്ചു ഇരുന്നു .
അല്ല സഖാവേ കൃഷിയാപ്പീസില്‍ .... അനില്‍ മുരടനക്കി .
സെക്രട്ടറി ഒന്ന് കൂടി തുറിച്ചു നോക്കി
അനക്ക്‌ വേറെ പണി ഇല്ലഞ്ഞിട്ടാ ഇയ്യീ കോളനിക്കാരെ കൊണ്ട് നടക്കുന്നത് ..
അവരെ ഒക്കെ നിലക്ക് നിര്തെണ്ടിടത്ത് നിര്‍ത്തണം !!
ഓരോ വണ്ടീം വലകളും കൊണ്ട് വരും .. കോളനിക്കാരുടെ അത് പോയി ..നാട്ടുകാരുടെ ഇത് കാണാന്‍ ഇല്ലാ ..!!
ഇതിനൊക്കെ പിന്നാലെ നടക്കലല്ലാ നമ്മടെ പണി ..!!
ഇത് പാര്‍ട്ടി ആപ്പീസ് തന്നേ അല്ലെ .. അനില്‍ ചുറ്റുപാടുകള്‍ ഒന്ന് കൂടെ വീക്ഷിച്ചു
ഇ . എം .എസ് .ന്റേം ,എ .കെ. ജി .യുടേം ഒക്കെ ഫോട്ടോ ചുമരില്‍ തൂങ്ങുന്നുണ്ട് ,
അതെ ഇത് പാര്‍ട്ടി ആപ്പീസ് തന്നേ ആണ്...!!!
സദാനന്ദന്‍ സഖാവിനു ഗോര്‍ബച്ചേവിന്റെ മുഖചായ ഉണ്ടോ ? ഏയ്‌ തോന്നിയതാകും ..!!
അല്ല സഖാവേ ആ കുടുംബത്തിനു ഒരു 6 മാസം കഞ്ഞി കുടിക്കാനുള്ള വക കിട്ടും സഖാവൊന്നു പറഞ്ഞാല്‍ ..!!
എനിക്കിപ്പോള്‍ നേരം ഇല്ല ഇത്തരം വണ്ടിമലകളുടെ പിറകെ പോകാന്‍ ..!!
വില വര്‍ദ്ധനക്കെതിരെ ഉള്ള സമരത്തിന്റെ സംഘാടക സമിതി യോഗം ഉണ്ട് .
അതിനു ശേഷം ഒരു കൌണ്സിലറുടെ കല്യാണവും ...!!!
ഇത്രയും പറഞ്ഞു സദാനന്ദന്‍ സെക്രട്ടറി കസാരയില്‍ നിന്ന് എണീറ്റു.
ഇനി ഇമ്മാതിരി അലവലാതി കേസുകളുമായി ഇങ്ങോട്ടിറങ്ങിയേക്കരുത്.
അനിലിന്റെ ആവലാതി മുഴുവനും പുറത്തിരിക്കുന്ന ബാബു ഇതെങ്ങാനും കേള്‍ക്കുമോ എന്നായിരുന്നു .
സഖാവേ ഒരു ഉപകാരം ചെയ്യാമോ ..?
ഒന്ന് കൃഷിആപ്പീസിലേക്ക് വിളിച്ചു പറയാമോ ഞാന്‍ ഒന്ന് പോയിനോക്കട്ടെ ...!!!
നീ ഇനിയും അതില്‍ ത്തന്നെ കടിച്ചു തൂങ്ങി നില്‍ക്കയാണോ ?
കോളനിക്കാര്‍ക്ക് എല്ലാം ചെയ്തു കൊടുത്താല്‍ പിന്നെ പഞ്ചായത്തില്‍ ആരുടെ പ്രശ്നംപറഞ്ഞാ നമ്മള്‍ സമരം നടത്തുക ..!!!
നീ ഇനിയും രാഷ്ട്രീയം പഠിക്കേണ്ടി ഇരിക്കുന്നു .. ആ പയ്യനെ പറഞ്ഞു വിടാന്‍ നോക്ക് .. വിളിച്ചു പറയാം ...എല്ലാം സെക്രട്ടറി ഏറ്റിട്ടുണ്ട് എന്ന് പറഞ്ഞാല്‍ മതി ..!!
ഇത്രയും പറഞ്ഞു സെക്രടറി പുറത്തേക്കിറങ്ങാന്‍ തുടങ്ങി ..കൂടെ അനിലും ..!!
പുറത്തിരുന്ന ബാബുവിനോടു ഒരു വെളുത്ത ചിരി ചിരിച്ചു ലോക്കല്‍ സെക്രട്ടറി പറഞ്ഞു എല്ലാം ശരിയാക്കിയിട്ടുണ്ട് .. പണി ശരിയാകും കേട്ടോ ..!!
ഞാന്‍ വിളിച്ചു പറഞ്ഞോളാം കൃഷി ആപ്പീസില്‍ ..!! ഇത്രയും പറഞ്ഞു സെക്രട്ടറി പുറത്തേക്കിറങ്ങി ...!!
വൈരുധ്യാത്മകതക്ക് പുതിയ ഉധാഹരണങ്ങള്‍ പിറക്കുന്നത്‌ കണ്ടു ...അനില്‍ പറഞ്ഞു .
അപ്പൊ ശരി കുമാരേട്ടാ ഞങള്‍ ഇറങ്ങട്ടെ .!!!
ബാബു നീ വായോ ഇമ്പക്ക് അവിടെ വരെ ഒന്ന് പോകാം .!!
അനില്‍ സഖാവേ സെക്രട്ടറി പറഞ്ഞതൊക്കെ കുറെ ഞാനും കേട്ട് ..!!
വേണ്ട സഖാവേ ഈ പണി ഇല്ലേല്‍ വേറെ പണി നോക്കണം ..!
എന്നാലും ഇങ്ങനെ ഒക്കെ ആണോ നമ്മടെ പാര്‍ട്ടി ?
നീ വാടാ ബാബോ .. വഴി ഉണ്ട്.
****
സര്‍ എന്റെ പേര് അനില്‍ ..ഞാന്‍ പാര്‍ട്ടി അപ്പീസില്‍ നിന്ന് വരികയാണ്
വിദ്യാര്‍ഥി ഫെഡരേഷന്റെ ഏരിയ ജോയിന്റ് സെക്രട്ടറി ആണ്
ഈ പയ്യന്‍ എനിക്ക് നേരിട്ട് അറിയാവുന്ന പയ്യനാ... പാവമാണ് സര്‍ .. ബാക്കി എല്ലാവര്ക്കും കാര്‍ഡു വന്നു .
ഇവന് മാത്രം വന്നിട്ടില്ല .. ഈ പണി കിട്ടിയാല്‍ ഒരു കുടുംബം പട്ടിണി ഇല്ലാതെ കഴിഞ്ഞു പോകും .
സര്‍ നു എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ..!!
നീ ആ രാമന്റെ മോനല്ലേ .. കൃഷിയാപ്പീസര്‍ ബാബുവിനെ നോക്കി ചോദിച്ചു ..!!
കഴിഞ്ഞ വട്ടം പകരം പണി ചെയ്തത് നീ ആണല്ലേ ..അടുത്ത ദിവസം കത്ത് വിടുന്നതില്‍ ചേര്‍ക്കാന്‍ നോക്കാം .
സന്തോഷമോ സങ്കടമോ ഇല്ലാതെ കൃഷിഭവനില്‍ നിന്ന് ഇറങ്ങി നടന്നു .
ഇയ്യ്‌ ബേജാറാകാതെ ഇരിക്ക് ബാബോ ..എല്ലാം ശരിയാകും നെ .
ഇയ്യിനി ഇപ്പൊ ഇമ്മടെ സെക്രട്ടറി പറഞ്ഞ കാര്യം ആരോടും പറയാന്‍ നിക്കണ്ടാ ട്ടാ .!!!

****
സെയ്തോ ഇന്റെ ചെക്കന് പണി കിട്ടീ ട്ടാ ..ഓന് ഇന്നലെ കാര്‍ഡു വന്നിരിക്കണ്
ഞാന്‍ പറഞ്ഞില്ലേ രാമാ ഇമ്പടെ സെക്രട്ടറി ആളൊരു ബയങ്കരന്‍ ത്തന്നെ ആണ് ന്നു
എന്താ പ്രസംഗം ..പാവപ്പെട്ട ഇമ്പടെ പ്രശ്നങ്ങളില്‍ ഓരെ പോലെ ആരാ ഇടപെടണേ...!!!
ഓര് ....ഓര്... പടച്ചോന്‍ തന്നെ ..രാമാ ..!!

Thursday

" കാമ്പസ് ഹീറോ ബുള്ളറ്റു സോമന്‍ "


കഞ്ചാവും ജോഹര്‍ ബ്രാണ്ടിയും കണ്ടുപിടിച്ചവരെ നമിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാനും ആന്റപ്പനും..
ആന്റപ്പന്റെ അമ്മവീട്ടില്‍ ആളില്ലെന്നറിഞ്ഞു , കിട്ടിയ കഞ്ചാവും കൊണ്ട് കോട്ടയം കാണാന്‍ കേറിയതാണ്
പെന്തകോസ്തു മിഷന്‍ന്റെ സംസ്ഥാന കമ്മിറ്റി സെക്രട്ടേറി ആയ ആന്റപ്പന്റെ അമ്മച്ചി ചെകുത്താന്‍ കയറിയ എന്നെ ബൈബിള് തൊട്ടു സത്യം ചെയ്യിപ്പിചിട്ടാണ് കോട്ടയതെക്കുള്ള യാത്രക്ക് പച്ചക്കൊടി വീശിയത് ..
പിതാവിന്റെയും പുത്രന്റെയും നാമത്തില്‍ സത്യം ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഓര്‍ത്തു ഈശോയെ ആന്റപ്പന്‍ ഇങ്ങനെ കുടിയനായതില്‍ ഒരു അതിശയവും ഇല്ല ...
അവന്‍ കുടിചില്ലെങ്കിലെ അദ്ഭുതമുള്ളൂ ..
അഞ്ചംഗ സംഗത്തില്‍ ജൂനിയര്‍ സോമന്‍ എന്ന് വിളിക്കുന്ന കോക്കാന്‍ ഉമേഷും , അറുപതുകളിലെ ശരീര സൗന്ദര്യ മത്സരങ്ങളിലെ ഗുരുവായൂരിന്റെ ശരീര ഭംഗി ഉണ്ണിനായനാര്‍ കട്ടയുടെ (ബോഡി ഉണ്ണി ) സല്പുത്രനും ഞങ്ങളുടെ കൂട്ടത്തിലെ അവാര്‍ഡ്‌ ജേതാവും ആയ ( ഫെയര്‍ ആന്‍ഡ്‌ ലവ് ലി യുസേര്സ് അവാര്‍ഡ്‌ , ശ്രുതി ജെട്ടി ലോയല്‍ കസ്റ്റമര്‍ അവാര്‍ഡ്‌ , ചെരിഞ്ഞ പല്ല് സെറ്റിനുള്ള ഉമിക്കരി അവാര്‍ഡ്‌ തുടങ്ങിയ പുരസ്കാരങ്ങള്‍ ഇതിനകം നേടിയിട്ടുണ്ട് ) രാജപ്പന്‍ എന്ന രാജുവും , മതിലില്‍ പരസ്യം എഴുതി വെക്കുന്നത് നല്ല ഒരു സാമ്പത്തീക സ്രോതസ് ആണെന്ന് തിരിച്ചറിഞ്ഞു താമസിച്ചിരുന്ന വീട് പൊളിച്ചു മതിലുകളുടെ നീണ്ട നിരതന്നെ പണിതു ചെറ്റക്കുടിലിലേക്ക് താമസം മാറ്റി പരസ്യ കമ്പനി കളെ കാത്തുകഴിയുന്ന നസ്രത്തുള്ള എന്ന നാസര്‍ മലപ്പുറവും ,അടങ്ങുന്നതായിരുന്നു . പടച്ചോന്റെ കൃപ കൊണ്ടാണ് ഇത്തരമൊരു ചാന്‍സ് ഒത്തുവന്നതെന്നു പറയുമ്പോ നസ്രത്തുള്ളയുടെ മുഖം പൊട്ടിക്കാന്‍ വെച്ച ബിരിയാണി ചെമ്പു പോലെ ആയിരുന്നു ..
കോട്ടയമെത്തിയതും ..അമ്മവീട്ടില്‍ കയറിയതും തിന്നതും ഓര്‍മയുണ്ട് ... പിന്നത്തെ ഷോട്ടില്‍ എല്ലാവരും ഒഴിഞ്ഞു കിടക്കുന്ന ആന്റപ്പന്റെ കസിന്റെ വീടിലാണ് നസ്രത്തുള്ള മാത്രം തിന്നു മുയ് വനാക്കാന്‍ പറ്റാതായ വേദനയില്‍ വയറിന്റെ ഇടതു വശത്ത് ഒരു രണ്ടു കോഴിക്കാലും ഇച്ചിരി കൂടെ ബിരിയാണിയും കേറിയേനെ എന്ന് പരിതപിച്ചു ( ആന്റപ്പന്റെ അമ്മാമയും അപ്പാപ്പനും പിന്നെ കുടുംബക്കാരും പട്ടിണി ആകാന്‍ പോകുന്നതും.. നസ്രത്തുള്ളയുടെ തീറ്റ കണ്ടു അരിയിട്ടോടി സൂസി എന്ന് കണ്ണുകള്‍കൊണ്ട് പറഞ്ഞതും കണ്ടപ്പോള്‍ അവനെയും വലിച്ചു ഓടുകയായിരുന്നു ) ആന്റപ്പന്‍ ജോഹറിന്റെ കുപ്പിയുടെ മൂക്കിറത്ത് തയ്യാറായി ജോഹര്ബ്രണ്ടിയുടെ പരിമളം അവിടെ ആകെ പരന്നു.
സെറ്റുചെയ്തു വച്ച കഞ്ചാവിലായിരുന്നു കോക്കാന്റെ നോട്ടം മുഴുവനും .. ഒരു റൌണ്ട് ജോഹര്‍ വെടി പൊട്ടി .. രണ്ടാം റൌണ്ട് മാനത്തു പൊട്ടിവിരിഞ്ഞു ..ഞാന്‍ കഞ്ചാവിനു തീകൊളുത്തി ഒരു പുകയെടുത്തു ശ്വാസം പിടിച്ചു അനങ്ങാതെ ഇരുന്നു . പുക പുറത്തേക്കു മില്ല അകത്തേക്ക് മില്ല .
രാജപ്പന്‍ അടുത്ത പുക എടുത്തു
എരുമ അമറുന്ന പോലെ അവന്‍ പാടി, ചക്രവര്‍ത്തിനീ നിനക്ക് ഞാനെന്റെ .... (ചിരട്ട കേള്കാഞ്ഞത് അവന്റെ ഭാഗ്യം !!!ഞാന്‍ പാറയില്‍ ഉറച്ചുണ്ടാക്കിയ ശമണ്ട് ഇതിലും നല്ലതാരുന്നു നായെ എന്ന് എഴുതിവച്ചു അടുപ്പിലെ കത്തുന്ന തീയിലേക്ക് എടുത്തു ചാടി ആത്മഹത്യ ചെയ്തേനെ ) അടുത്ത ഊഴം കൊക്കാന്റെ ആയിരുന്നു കോക്കാന്‍ അമര്‍ത്തി ഒരു പുകയെടുത്തു .. അവന്റെ 4 അടി 1 ഇഞ്ച് ശരീരത്തിലെ ഓരോ അണുവിലും കഞ്ചാവിന്റെ ലഹരി വന്നു സല്യൂട്ട് അടിച്ചു ..ആന്റപ്പന്‍ അത് തട്ടിപ്പറിച്ചു അടുത്ത പുകയെടുത്തു .
ഞാന്‍ ഉറക്കെ പറഞ്ഞു ആന്റപ്പ .. പിതാവിന്റെയും പുത്രന്റെയും നാമത്തില്‍ ഞാനിതാ സ്വര്‍ഗത്തിലേക്ക് പ്രവേശിക്കുന്നു ഈ കുഞ്ഞാടിന് നിത്യ ശാന്തി നല്‍കേണമേ ...!! അമേന്‍ ....എല്ലാവരും ഉച്ചത്തില്‍ ഏറ്റു പറഞ്ഞു
അടുത്ത പുക എനിക്ക് പ്ലീസ് കോക്കാന്‍ കരച്ചില് തുടങ്ങി ..
ലഹരിയും അവന്റെ സങ്കടവും കണ്ടപ്പോ ഞങ്ങടെ മനസ്സലിഞ്ഞു
ഇന്നാ ശവമേ കരയണ്ടാ... ആഞ്ഞു... ആഞ്ഞാഞ്ഞു വലി ..
കഞ്ചാവിനെ കുറിച്ച് പ്രബന്ധമെഴുതി
സംസ്ഥാന തലത്തില്‍ പുരസ്‌കാരം നേടിയ നീ തന്നെ അടുത്ത പുകക്കര്ഹന്‍...!!!
ഒരു 2 പുക അവന്‍ ആഞ്ഞു വലിച്ചു
ശിരസ്സില്‍ തട്ടട്ടെ ഡാ ആഞ്ഞു വലി ആന്റപ്പന്‍ പ്രോത്സാഹിപ്പിച്ചു...!!!
ഞാന്‍ ബാകി ഉള്ള മദ്ധ്യം 3 ക്ലാസ്സുകളില്‍ പകര്‍ന്നു
ഒരു 5 മിനുട്ട് തികഞ്ഞ നിശ്രബ്ദത
ഞാനും രാജപ്പനും ആന്റപ്പനും ഗ്ലാസ്സുകള്‍ "പാറപ്പുറത്ത് ആരാണ്ട " എന്ന് പാടി വെള്ളമില്ലാതെ ഒറ്റയടി
രാജപ്പന്‍ പാറപ്പുറം എന്ന് മുഴുമിപ്പിച്ചില്ല അപ്പോളെ കസേരയെ പുണര്‍ന്നു ഡിം.
നാളെ കാലത്ത് പൊറോട്ടയും പോത്തിറച്ചിയും വാങ്ങിച്ചു തരാം എന്ന നിബന്ധനയില്‍ രാജപ്പനെ നസ്രത്തുള്ളന പൊക്കിയെടുത്തു കട്ടിലിലിട്ടു .
പെട്ടന്ന് എന്റെ ചുമലില്‍ ഒരു കയ് വന്നു പതിച്ചു . ഓര്‍ക്കാപുറത്തുള്ള ആ കൈവപ്പില്‍ ഞെട്ടിത്തിരിഞ്ഞു നോക്കി കോക്കാന്റെ കൈ ആയിരുന്നു അത് .!!! ലഹരി വന്നു ചീര്‍ത്ത എന്റെ മുഖം അവന്റെ മുഖത്തിന്‌ നേരെ തിരിച്ചു അവന്‍ പറഞ്ഞു !
യു നോ വാട്ട്‌ ...? ഇന്‍ 1969 മൈ ഫാദര്‍ ഹാഡ് എ ബുള്ളറ്റ് .
ഓ നിന്റച്ചനു 1969 ഇല്‍ വെടി കൊണ്ടിട്ടുണ്ട് എന്നാണോ നീ ഉദ്ദേശിച്ചത് ..? നാക്ക് ബുദ്ധിമുട്ടി വളച്ചു ഞാന്‍ ചോദിച്ചു .!
ആ ചോദ്യം ചോദിയ്ക്കാന്‍ ചുരുങ്ങിയത് ഒരു 3.5 മിനുട്ടിന്റെ സാവകാശം ഞാന്‍ എടുത്തു എന്നാണ് എനിക്ക് തോന്നിയത് .
അല്ലടാ ബുള്ളറ്റ് .. ഖുട് .ഖുട് ... വണ്ടി .. ബുള്ളറ്റ് ..!!! പനംപിള്ളി കോളേജിലെ ഹീറോ ആയിരുന്നെട ഹീറോ .
ആര് നിന്റെ ഡാ.... ഡി.... യോ ..?
യെസ് മൈ ഫാദര്‍.... വാസ് ....എ... ഹീറോ ...!!!
കുഴഞ്ഞ ശബ്ദത്തില്‍ കോക്കാന്‍ പറഞ്ഞു തുടങ്ങി.
കൂളിംഗ്‌ ഗ്ലാസും വെച്ച് സോമണ്ണന്‍ ചെത്തിനടക്കുന്ന കാലം.... ഐ മീന്‍ ഡാഡി..
ഓരോ മുക്കിലും മൂലയിലും പെണ്‍കുട്ടികള്‍ ഡാഡിയുടെ ഖുട് ഖുട് .. ശബ്ദത്തിനു ചെവിയോര്‍ത്തു വികാര പരവശരായി കാത്തു നിന്നു .
അന്ന് ഇന്നത്തെ പോലെ അല്ല ഡാഡി നല്ല വെളുത്തിട്ടാണ്‌
നസ്രത്തുള്ള സംശയനിവാരണത്തിന് ഇടയ്ക്കു കയറി ചോദിച്ചു ആര് നിന്റെ ഡാഡിയൊ ? വെളുത്തിട്ടോ .?
ഒന്ന് പോടാ അപ്പനെ .!! നസ്സ്രു ചൂടായി .
എടാ നാസറെ ഇത് ഡൈ തട്ടിപ്പോകുന്നതിനു മുന്പാണെടാ .. ഞാന്‍ നസ്രത്തുള്ളയെ സമാധാനിപ്പിച്ചു .
നീ നിന്റെ കിക്ക് കളയണ്ടാ നീ പോയി ബീഡി വലി നിനക്ക് നാളെ പൊറോട്ടയും ബീഫും .. അത് പറഞ്ഞു ഞാന്‍ കണ്ണുരുട്ടിക്കാണിച്ചു !!!
അതില്‍ അവന്‍ വീണു .
( ഡൈ തട്ടിമറിഞ്ഞ കഥ - ഒരിക്കല്‍ ഉമേഷിനോട് ഞങ്ങള്‍ സ്വാഭാവികമായ ഒരു സംശയം ചോദിച്ചു
എടാ കോക്കാനെ നിന്റെ വീട്ടില്‍ എല്ലാവരും കറുത്തിട്ടു
നീ മാത്രം എങ്ങനെ ബര്‍മക്കാരുടെ പോലെ തൂവെള്ളയായത്‌ ?
ഈശ്വരാ ഇവന്മാര്‍ എനിക്ക് നേരെ ആണല്ലോ ? അതും അസ്തിത്വത്തില്‍ ആണ് പണി ! ഉടനെ എന്തെങ്കിലും ചെയ്തില്ലേല്‍ ഇന്നു അന്ത്യകൂദാശ നടത്തിയത് തന്നെ ... ഹെല്ലോ അച്ചായനെയും ,ബുറുണ്ടി മൂപ്പനെയും പറയുമ്പോ കടുപ്പം കുറച്ചു കുറയ്ക്കാമായിരുന്നു ..ആ രാജപ്പനാ ഇതിനൊക്കെ കാരണം .. ആ ചീങ്കണ്ണി കാലുമാറി ക്കഴിഞ്ഞു .
ഇനി ഇപ്പൊ വാട്ട് ടു ഡൂ . അവന്റെ മുഖം കൊളരും തേപ്പുപലകയും ഇല്ലാതെ പരുക്കനിട്ട ചുമരുപോലെ ആയി.
ഒന്ന് ശ്വാസം ഉള്ളിലേക്കെടുത്ത് അവന്‍ പറഞ്ഞു
യു നോ വാട്ട് ഡാഡി നല്ല വെളുത്തിട്ടു തന്നെ ആയിരുന്നു .
ഡാഡി യുടെ തലമുടിയില്‍ അങ്ങിങ്ങായി നര വന്നു തുടങ്ങിയ സമയം
ഒരു ദിവസം ഡാഡി ഡൈ ചെയ്യുമ്പോള്‍ .. ഓര്‍ക്കണം അധികം ഇല്ല നര ഒന്നോ ... രണ്ടോ ...മുടികള്‍ മാത്രം ..
സൊ .. വളരെ ശ്രദ്ധയോട് കൂടി ആണ് ഡാഡി ഡൈ ചെയ്യുന്നത് പെട്ടന്ന് ഡാഡിയുടെ കൈ തട്ടി ഡൈ മുഖത്തേക്ക് മറിഞ്ഞു അങ്ങനെ ആണ് ശരിക്കും ഡാഡി കറുത്ത് പോയത് ... ഇതാണ് അതിന്റെ സത്യം ..
അവന്‍ ഒറ്റ ശ്വാസത്തില്‍ ഇത്രയും പറഞ്ഞു ഞങളെ നോക്കി... അവിടെ കൂട്ടച്ചിരിആയിരുന്നു ... ഞാന്‍ ചിരിച്ചു ചിരിച്ചു ആ തറയില്‍ വീണു ..ആന്റപ്പന്‍ മിനിയാന്ന് കുടിച്ച കള്ളുവരെ വാളുവെച്ചു ..അത് കണ്ടതും നസ്രു കഴിച്ചതെങ്ങാനും ചിരിച്ചു പുറത്തു പോകുമോ പടച്ചോനെ എന്നോര്‍ത്ത് വായപൊത്തി ചിരിച്ചു... ആ ഡൈ കഥ അങ്ങനെ അങ്ങാടിപ്പാട്ടായി ...ഡൈ മകന്‍ എന്ന ഒരു ഇരട്ടപ്പേര് അങ്ങനെ അവനു കിട്ടുകയും ചെയ്തു )
കോക്കൂ നീ പറയടാ നിന്നെ ഒരാളും തടയില്ല .. നീ തുടര് ... ആന്റപ്പന്‍ ഉമേഷിന്‌ ധൈര്യം പകര്‍ന്നു .
കോക്കാന്‍ തുടര്‍ന്നു.
അങ്ങനെ എന്റെ ഹീറോ ആയിരുന്ന ഡാഡി ചെത്തി നടക്കുകയായിരുന്നു .
രജനി കാന്തിനൊപ്പം അഭിനയിക്കാന്‍ ഒരു റോള്‍ വരെ അന്ന് വന്നു ..
ബുള്ളറ്റുള്ളവര്‍ വിരളമായിരുന്നു അല്ലോ ..? ഡാഡി പ്രശസ്തനും ആയിരുന്നു
( വടിവേലു അന്ന് അഭിനയം തുടങ്ങിയിട്ടില്ല അത് കൊണ്ട് തന്നെ...!!! ഞാന്‍ ആ ബുള്ളറ്റ് സീന്‍ ഒന്ന് മനോരാജ്യം ടാക്കീസില്‍ കണ്ടു )
ഇപ്പൊ നിങ്ങള്ക്ക് മനസ്സിലായില്ലേ എന്റെ ഡാഡിയെ ..
അസൂയ മൂത്ത ചിലര്‍ "കാമ്പുസ് ഹീറോ ബുള്ളറ്റ് സോമന്‍ " എന്ന് വരെ അദ്ധേഹത്തെ ഇരട്ടപ്പേരിട്ടു വിളിച്ചിരുന്നു .
അങ്ങനെ ഹീറോ ആയി ചെത്തിനടക്കുന്ന എന്റെ ഡാഡിക്ക് ആരാധികമാരുണ്ടാകുന്നത് സ്വാഭാവികം മാത്രം ..അത് പറഞ്ഞു എന്റെ കയ്യിലിരുന്നു അവസാനത്തെ പെഗ്ഗിന്റെ ലാസ്റ്റ് സിപ്പ് അവന്‍ വാങ്ങി തീര്‍ത്തു
പിന്നീടൊരു തേങ്ങലും പൊട്ടിക്കരച്ചിലും ആണ് അവിടെ കേട്ടത് .. ഇങ്ങനെ ഹീറോ ആയിരുന്ന എന്റെ ഡാഡി .. ഒടുവില്‍ .....
ഒടുവില്‍ ... മമ്മി വിരിച്ച വലയില്‍ വന്നു വീഴുകയായിരുന്നു പ്രജീ ... വന്നു വീഴുകയായിരുന്നു ..
ഇതും പറഞ്ഞു എന്റെ ചുമലില്‍ വീണു കരച്ചിലോടു കരച്ചില്‍ ...!!
പിന്നീടവിടെ നടന്നത് ഒരു കൂട്ടപ്പൊരിചിലായിരുന്നു.


"സത്യം എവിടെ ഒളിപ്പിച്ചു വച്ചാലും
അത് ബുള്ളറ്റിലേറി ഒരുനാള്‍ വരിക തന്നെ ചെയ്യും
സത്യമേവ ജയതേ : "

നോട്ട് :- ഈ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികം മാത്രമാണ് ജീവിച്ചിരിക്കുന്നവരുമായി സാമ്യം തോന്നുന്നു എങ്കില്‍ അത് തികച്ചും സ്വാഭാവികം (മനപൂര്‍വ്വം ) മാത്രം .

ശുഭം